കെ.കെ. രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ കലുഷിതമാക്കുന്നു. മണിയെ നിലക്കുനിര്‍ത്തണമെന്ന് സി.പി.ഐ നേതൃത്വം സി.പി.എമ്മിനോട് ആവശ്യപ്പെട്ടതോടെയാണ് വിഷയം ഭരണമുന്നണിയുടെ ആഭ്യന്തര രാഷ്ട്രീയത്തെ പിടിച്ചുലക്കുന്നത്. ‘ഇവിടെയൊരു മഹതി വിധവയായത് അവരുടെ വിധി’ എന്ന കെ.കെ രമക്കെതിരായ ആക്ഷേപത്തിനു പിന്നാലെ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജക്കെതിരെയും മണി മോശം പരാമര്‍ശം നടത്തി. ഒരു സ്ത്രീ എന്ന നിലയില്‍ ആനി രാജയെ അധിക്ഷേപിച്ചത് മാത്രമല്ല, ഇത് മുന്നണി മര്യാദകളുടെ ലംഘനം കൂടിയാണെന്ന് സി.പി.ഐ വിലിയിരുത്തുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കെ.കെ രമക്കെതിരെ എം.എം മണി വിവാദപരാമര്‍ശം നടത്തുമ്പോള്‍ നിയമസഭയുടെ അധ്യക്ഷവേദിയില്‍ സി.പി.ഐ നേതാവ് ഇ.കെ വിജയനായിരുന്നു. മണിയുടെ വാക്കുകളെ ‘പറയാന്‍ പാടില്ലാത്തത്’ എന്ന് അപ്പോള്‍ തന്നെ അദ്ദേഹം നിയമസഭയിലെ ഉദ്യോഗസ്ഥനോട് രഹസ്യമായി പറഞ്ഞതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
ആദ്യഘട്ടത്തില്‍ വിഷയം ആളിക്കത്തിക്കാന്‍ സി.പി.ഐ തയാറായിരുന്നില്ല. ബിനോയ് വിശ്വം എം.പി മാത്രമാണ് മണിയെ തള്ളിപ്പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നിയമസഭക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട മണി താന്‍ മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ലെന്നും ഇനിയും ഇത്തരം വിമര്‍ശനങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയതോടെയാണ് സഭയില്‍ നടന്നത് എന്തെന്ന് സി.പി.ഐ നേതൃത്വം ഇ.കെ വിജയനില്‍ നിന്ന് നേരിട്ടു മനസിലാക്കിയത്. മറ്റ് സി.പി.ഐ എം.എല്‍.എമാരും മണിയെ അനുകൂലിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ആനിരാജ മണിക്കെതിരെ തുറന്നടിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിലും തുടര്‍ന്നും സി.പി.എമ്മുമായി പല വിഷയങ്ങളിലും കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും മുന്നണിയിലെ രണ്ടാംകക്ഷിയെന്ന നിലയില്‍ സി.പി.ഐ പലപ്പോഴും മൃദുസമീപമാണ് സ്വീകരിച്ചത്. എന്നാല്‍ തങ്ങളുടെ നേതാക്കളെ നേരിട്ട് ആക്രമിക്കുന്നിടത്തോളം പ്രശ്‌നങ്ങള്‍ വഷളായത് സി.പി.ഐക്ക് ഇനിയും നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ എന്താണ് ഇടതുരാഷ്ട്രീയമെന്നും സ്ത്രീകളോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്നും വ്യക്തമാക്കാന്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനു തന്നെയാണ് സി.പി.ഐ തയാറെടുക്കുന്നത്.
അതേസമയം തനിക്കെതിരെ എം.എം മണി നടത്തിയ അധിക്ഷേപം വ്യക്തിപരമായി കാണുന്നില്ലെന്നും സി.പി.എം ആസൂത്രിതമായി തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു. നിയമസഭ തന്റെ അഭിപ്രായം പറയാനുള്ള വേദിയാണ്. അത് തുടരുക തന്നെ ചെയ്യും. സി.പി.എം ഇപ്പോഴും ടി.പി ചന്ദ്രശേഖരനെ ഭയപ്പെടുകയാണെന്നും രമ പറഞ്ഞു.നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ എം.എം മണി വിഷയം കൂടുതല്‍ സങ്കീര്‍ണമാകുമെന്നുറപ്പ്. സഭക്കുള്ളില്‍ സി.പി.ഐ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും.