X

കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കാന്‍ നടപടി തുടങ്ങി

പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില്‍ ഏഴായിരത്തോളം പേര്‍ കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്‍ത്ഥികളില്‍ പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്‍ സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചില അഭയാര്‍ത്ഥികള്‍ പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്.

മുതിര്‍ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്‍ കഴിയുന്ന 1300ഓളം കുട്ടികളില്‍ ഏതാനും പേരെ ബ്രിട്ടന്‍ സ്വീകരിക്കും. ഏറെ പ്രയാസപ്പെടുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുവദിക്കുന്ന നിയമപ്രകാരമാണ് അനാഥരായ കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുന്നത്. ഇവരില്‍ ആദ്യസംഘം ഇന്നലെ ബ്രിട്ടനിലെത്തി. പുതിയ അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഫ്രാന്‍സിലെ 450 ക്യാമ്പുകളില്‍ പുതുതായി 7500 കിടക്കകള്‍ കൊണ്ടുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രതിഷേധം വകവെക്കാതെയാണ് കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നത്. ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ക്കെല്ലാം മാന്യമായ പരിഗണനയും പുനരധിവാസവും ഉറപ്പാക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കസീന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും ജംഗിള്‍ ക്യാമ്പിന്റെ പകുതിയോളം ഭാഗം ഫ്രാന്‍സ് ഒഴിപ്പിച്ചിരുന്നു. അംഗസംഖ്യ വീണ്ടും ക്രമാതീതമായി വര്‍ധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതര്‍ ക്യാമ്പ് പൂര്‍ണമായും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. ക്യാമ്പ് ലക്ഷ്യമാക്കി കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അത് ഒഴിവാക്കാന്‍ പൊളിച്ചുനീക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അധികാരികള്‍ പറയുന്നു.
കലായിസില്‍നിന്ന് ബ്രിട്ടനിലേക്ക് കടക്കാനാണ് അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. കുടിയേറ്റക്കാരെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍നിന്ന് ക്യാമ്പ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കലായിസിലെ ബിസിനസുകാരും ട്രക്കര്‍മാരും കൃഷിക്കാരും മറ്റും ഇവിടത്തെ പ്രധാന ഹൈവേ ഉപരോധിച്ചിരുന്നു. ബ്രിട്ടനിലേക്ക് പോകുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും അഭയാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തുക പതിവാണ്. അഭയാര്‍ത്ഥികളില്‍നിന്ന് വാഹനങ്ങളെ രക്ഷിക്കാന്‍ പ്രദേശത്ത്് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

chandrika: