ചെന്നൈ; ഡി.എം.കെ അധ്യക്ഷന്‍ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി 94ാം വയസ്സിന്റെ നിറവില്‍. ഇന്നലെയായിരുന്നു കരുണാനിധിയുടെ ജന്മദിനം. ചെന്നൈ ഗോപാല്‍ പുരത്തുള്ള വസതിയിലേക്ക് കാലത്തു മുതല്‍ തന്നെ ജന്മദിനാശംസകള്‍ നേരാനായി രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനും കാലത്തുതന്നെ ഗോപാല്‍പുരത്തെ വസതിയിലെത്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കാലത്തുതന്നെ ചെന്നൈയില്‍ എത്തിയിരുന്നു. വൈകീട്ട് വൈ.എം.സി.എ ഗ്രൗണ്ടില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങുകളിലും കരുണാനിധിയുടെ നിയമസഭാംഗത്വത്തിന്റെ 60ാം വാര്‍ഷികാഘോഷത്തിലും രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍(കേരള), നവീന്‍ പട്‌നായിക്(ഒഡീഷ), നിതീഷ് കുമാര്‍(ബിഹാര്‍), സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാദ് ദെരക് ഒ ബ്രീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദഗ്ധ ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിശ്രമ ജീവിതം നയിക്കുന്ന കരുണാനിധിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നീങ്ങിയിട്ടുണ്ട്.1957ല്‍ തിരുച്ചിറപ്പള്ളിയില്‍നിന്നാണ് കരുണാനിധി ആദ്യം നിയമസഭയില്‍ എത്തിയത്. തുടര്‍ന്നുള്ള ആറു പതിറ്റാണ്ടിനിടെ തോല്‍വി അറിയാതെയുള്ള ജൈത്രയാത്രയായിരുന്നു.