തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞമാസമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയില്‍ അന്വേഷണ സംഘം എത്തി. ചാലക്കുടി സി.ഐയുടെ പക്കല്‍നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റുകയും ചെയ്തു. മണിയുടെ മരണത്തിന് കാരണം കരള്‍രോഗമാണെന്നായിരുന്നു സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതു തള്ളി ഒരു മാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
നേരത്തെ സംസ്ഥാന സര്‍ക്കാരിന് രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറായില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.