X
    Categories: indiaNews

കാകോരി തീവണ്ടി കവര്‍ച്ച

സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ കാകോരി തീവണ്ടി കവര്‍ച്ചയിലെ പ്രധാനിയായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു രാം പ്രസാദ് ബിസ്മില്‍. ‘കാകോരി ട്രെയിന്‍ കൊള്ള’ നടപ്പിലാക്കിയത് ബിസ്മിലും അഷ്ഫാഖുല്ലാഖാനും ഒക്കെ ചേര്‍ന്നുകൊണ്ടാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് ആയുധങ്ങള്‍ വേണമായിരുന്നു. അവ വാങ്ങാനുള്ള പണം ബ്രിട്ടീഷ് സര്‍ക്കാരിനെ കൊള്ളയടിച്ചു തന്നെ കണ്ടെത്താം എന്ന് വിപ്ലവകാരികള്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് 1925 ഓഗസ്റ്റ് ഒമ്പതിന് ഷാജഹാന്‍പൂരില്‍നിന്നും ലഖ്‌നൗവിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന എട്ടാം നമ്പര്‍ ഡൗണ്‍ ട്രെയിന്‍ കാകോരി എന്ന സ്ഥലത്തുവെച്ച് അഷ്ഫാഖുല്ലാഖാന്‍ സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ ചങ്ങല വലിച്ചു നിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സചീന്ദ്ര ബക്ഷി, രാജേന്ദ്ര ലാഹിരി എന്നിവരുമുണ്ടായിരുന്നു. അപ്പോഴേക്കും റാം പ്രസാദ് ബിസ്മിലും കൂടെയെത്തി. അവര്‍ നാലുപേരും ഒപ്പം മറ്റു വിപ്ലവകാരികളും ചേര്‍ന്ന് ട്രെയിനിന്റെ ഗാര്‍ഡ് കംപാര്‍ട്ട്‌മെന്റില്‍ കടന്നുകയറി പണം കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന ഇരുമ്പുപെട്ടി അപഹരിച്ചു.

ഈ സംഭവം ബ്രിട്ടീഷുകാരെ വല്ലാതെ പ്രകോപിതരാക്കി. അവര്‍ ശക്തമായ പ്രതികാര നടപടികളുമായി മുന്നോട്ടുപോയി. ഒടുവില്‍ ബിസ്മിലും അഷ്ഫാഖുല്ലാഖാനുമടക്കം രണ്ടു ഡസന്‍ അംഗങ്ങള്‍ ഒരു മാസത്തിനകം ബ്രിട്ടീഷുകാരുടെ പിടിയിലായി. ബിസ്മില്‍, അഷ്ഫാഖുല്ലാഖാന്‍, റോഷന്‍ സിങ്, രാജേന്ദ്ര നാഥ് ലാഹിരി എന്നിവര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടു. മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും.
വധശിക്ഷ കാത്തുകൊണ്ട് ലഖ്‌നൗ സെന്‍ട്രല്‍ ജയിലിന്റെ പതിനൊന്നാം നമ്പര്‍ ബാരക്കില്‍ കഴിയവേ ബിസ്മില്‍ തന്റെ ആത്മകഥ എഴുതി. ആ കൃതി ഹിന്ദി ആത്മകഥാസാഹിത്യത്തിലെ അതിവിശിഷ്ടമായ കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ജയിലില്‍ വെച്ച് തന്നെയാണ് അദ്ദേഹം ‘മേരെ രംഗ് ദേ ബസന്തി ഛോലാ… ‘ എന്ന പ്രസിദ്ധമായ പാട്ടും എഴുതുന്നത്. അതും സ്വാതന്ത്ര്യസമര കാലത്ത് ഏറെ ജനപ്രിയമായി മാറിയിരുന്നു.

മുപ്പതാമത്തെ വയസ്സില്‍ ബ്രിട്ടീഷുകാരാല്‍ കഴുവേറ്റപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബിസ്മില്‍ തന്റെ അമ്മക്ക് അവസാനത്തെ കത്തെഴുതിവച്ചു. എന്നിട്ട് വളരെ ശാന്തനായി കഴുമരത്തിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിച്ചപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ‘ജയ് ഹിന്ദ്…’ എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു.

‘ബിസ്മില്‍’ എന്നത് രാം പ്രസാദിന്റെ തൂലികാ നാമമായിരുന്നു. രാം, അഗ്യത്, ബിസ്മില്‍ എന്നീ പേരുകളില്‍ അദ്ദേഹം നിരവധി ഹിന്ദി, ഉറുദു കവിതകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒടുവില്‍ ചില തിരഞ്ഞെടുത്ത കവിതകളും ചേര്‍ത്തിട്ടുണ്ട്. രാം പ്രസാദ് ബിസ്മില്‍ എഴുതിയ ഓരോ വരിയും രാഷ്ട്രപ്രേമം തുടിക്കുന്നവയായിരുന്നു. സര്‍ഫറോഷി കി തമന്ന എന്ന ഗാനം അദ്ദേഹത്തിന്റെ രചനയാണ്. 1897ല്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എന്ന സ്ഥലത്താണ് പ്രസാദ് ബിസ്മില്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഗ്വാളിയോര്‍ സ്വദേശികളായിരുന്നു. രാം പ്രസാദിന്റെ അച്ഛന്‍ മുരളീധര്‍, ഷാജഹാന്‍പൂര്‍ നഗരസഭയിലെ ജോലിക്കാരനായിരുന്നു.

Test User: