മലപ്പുറം: കക്കാടംപോയില്‍ ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ കാണാനെത്തിയ എം.എന്‍ കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് വെണ്ടേക്കുംപൊയിലില്‍ അമ്പതോളം സി.പി.എം, ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു.
ഡിവൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കെ.സി അനീഷിന്റെ നേതൃത്വത്തില്‍ യൂണിറ്റ് ഭാരവാഹികളും സി.പി.എം പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തടയണയും പാര്‍ക്കും ക്വാറിയും റിസോര്‍ട്ടുകളുമടക്കമുള്ള അനധികൃത നിര്‍മാണങ്ങള്‍ കാണാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെ വീണ്ടും ക്ഷണിക്കുകയാണെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും ഇവര്‍ അറിയിച്ചു.
കക്കാടംപൊയില്‍ വെണ്ടേക്കുംപൊയില്‍ മേഖലയില്‍ സി.പി.എം നേതാക്കള്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാടക ഗുണ്ടകളും ക്വട്ടേഷന്‍ സംഘവുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൂട്ട രാജിയെന്നും എ.ടി സക്കറിയ, കെ.സി അനീഷ്, എന്‍.സി പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എന്‍ .ജി സിനോജ് എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരിമ്പ് ആദിവാസി കോളനിക്കാരുടെ കുടിവെള്ളംപോലും മുട്ടിച്ചാണ് ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിക്ക് കുറുകെ തടയണ കെട്ടിയത്. വാട്ടര്‍ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍, പന്നിഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ച പാര്‍ട്ടിക്ക് പലതവണ പരാതി നല്‍കിയിട്ടും ഇടപെട്ടില്ല. പി.വി അന്‍വര്‍ എം.എല്‍.എ പാര്‍ട്ടിയുടെ വരുമാന സ്രോതസാണെന്നും അദ്ദേഹത്തിനെതിരെ ഒരു പ്രവര്‍ത്തനവും പാടില്ലെന്ന ഭീഷണിയും താക്കീതുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് വണ്ടേക്കുംപൊയിലെ ഗദ്ദിക വായനാശാലയില്‍ ഉച്ചഭക്ഷണമൊരുക്കിയതിനും ഭീഷണി നേരിട്ടു.
ഗദ്ദിക വായനശാലക്ക് നേരെ നേരത്തേയും അക്രമമുണ്ടായിരുന്നു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന അജു കോലോത്തിനെയും അക്രമിച്ച് കാലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല. ആദിവാസി കോളനിയിലെ ദുരൂഹമരണങ്ങളും കൊലപാതകമാണെന്ന് സംശയമുണ്ടെങ്കിലും അന്വേഷണം നടത്താന്‍ അരീക്കോട് പൊലീസ് തയാറായില്ല. വണ്ടേക്കുംപൊയില്‍ സി.പി.എം പ്രാദേശിക നേതാവ് ഉത്രാടം പുഴ കയ്യേറിയാണ് ഹോട്ടല്‍ പണിതിരിക്കുന്നത്.
കക്കാടംപൊയിലും പ്രദേശത്തും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ അവസാന ഇരയാണ് സാംസ്‌കാരിക പ്രവര്‍ത്തകരെന്നും രാജിവെച്ചവരെല്ലാം സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അറിയിച്ചു.
- 5 years ago
chandrika