ന്യൂയോര്‍ക്ക്: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കക്ക ഫുട്‌ബോള്‍ മതിയാക്കി. അമേരിക്കന്‍ ലീഗായ എം.എല്‍.എസ്സില്‍ ഓര്‍ലാന്റോ സിറ്റിക്കു വേണ്ടി കളിക്കുകയായിരുന്ന കക്ക ഞായറാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ കക്ക മെസ്സി, റൊണാള്‍ഡോ എന്നിവര്‍ക്കു മുമ്പ് അവസാനമായി ഫിഫയുടെ ലോക ഫുട്‌ബോളര്‍ കിരീടം നേടിയ താരമാണ്.
കരിയറിന്റെ തിളക്കമാര്‍ന്ന ഘട്ടത്തില്‍ എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ വന്‍കിട ടീമുകളുടെ താരമായിരുന്ന കക്ക എ.സി മിലാന്‍ ടീമില്‍ പരിശീലക പദവി ലക്ഷ്യമിട്ടാണ് കളമൊഴിഞ്ഞത് എന്ന സൂചനയുണ്ട്. പുതിയ യാത്രക്കായി ഒരുങ്ങുകയാണെന്നും ഫുട്‌ബോള്‍ വിടില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
സാവോപോളോയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കു വന്ന കക്ക 2003-2009 കാലയളവില്‍ എ.സി മിലാനു വേണ്ടി 193 മത്സരങ്ങള്‍ കളിക്കുകയും 70 ഗോളുകള്‍ നേടുകയും ചെയ്തു. 2009 മുതല്‍ 2013 വരെ റയല്‍ മാഡ്രിഡ് ആയിരുന്നു തട്ടകം. പിന്നീട് മിലാനിലേക്ക് തിരിച്ചുപോയി. 2014-ല്‍ മിലാനില്‍ നിന്നാണ് ഓര്‍ലാന്റോയിലേക്ക് ചേക്കേറുന്നത്. അവിടെ നിന്ന് ബാല്യകാല ക്ലബ്ബായ സാവോപോളോയിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ മാറി.
2002 മുതല്‍ 2016 വരെ നീണ്ട ബ്രസീല്‍ കരിയറില്‍ 92 തവണ രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞു. 29 ഗോളുകള്‍ നേടുകയും ചെയ്തു.