ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സംഘപരിവാറിനൊപ്പം നില്‍ക്കുന്നത് ചര്‍ച്ചയാവുന്നു. യു.പി.എ സര്‍ക്കാറിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ മറപിടിച്ച് ഉയര്‍ന്നു വന്ന കെജരിവാള്‍ സംഘപരിവാര്‍ നോമിനിയാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമായിരുന്നു. യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ആര്‍.എസ്.എസ് നാഗ്പൂരില്‍ നിന്ന് ആസൂത്രണം ചെയ്തതായിരുന്നു അണ്ണാ ഹസാരെയുള്ള അഴിമതി വിരുദ്ധ സമരങ്ങളെന്ന് പിന്നീട് വ്യക്തമായിരുന്നു.
അന്നത്തെ സി.എ.ജി ആയിരുന്ന വിനോദ് റായി തയ്യാറാക്കിയ ഊഹക്കണക്കിന്റെ പുറത്ത് കെട്ടിപ്പടുത്തതായിരുന്നു 2ജി സ്‌പെക്ട്രം കേസ്. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഇത് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ കേസ് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ട് കോടതി തള്ളുകയായിരുന്നു.
അഴിമതി വിരുദ്ധതയുടെ പ്രവാചകനായി വന്ന അണ്ണ ഹസാരെ അടക്കമുള്ളവര്‍ മോദി പ്രധാനമന്ത്രിയായതോടെ നിശബ്ദരായി. സമരത്തില്‍ ഹസാരെയുടെ കൂടെയുണ്ടായിരുന്ന കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി. ഹസാരെ സംഘത്തില്‍ നിന്ന് പിരിഞ്ഞ കെജരിവാള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി.
എന്നാല്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനും ആര്‍.എസ്.എസിനും അനുകൂല നിലപാടുകളാണ് കെജരിവാള്‍ സ്വീകരിച്ചിട്ടുള്ളത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി വന്ന കെജരിവാള്‍ മോദി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലെല്ലാം നിശബ്ദനായിരുന്നു. റഫാല്‍ അഴിമതി, നോട്ട് നിരോധനം തുടങ്ങിയ ഘട്ടങ്ങളിലൊന്നും കാര്യമായ പ്രതികരണം അദ്ദേഹത്തിന്റെ ഭാഗങ്ങളില്‍ നിന്നുണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്തപ്പോഴൊന്നും കെജരിവാള്‍ കാര്യമായ താല്‍പര്യമെടുത്തിരുന്നില്ല. ഒടുവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയപ്പോള്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന കടുത്ത ആവശ്യങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. അത് കോണ്‍ഗ്രസ് അംഗീകരിച്ചപ്പോള്‍ വെട്ടിലായ കെജരിവാള്‍ ഹരിയാനയിലും ഇതുപോലെ സഖ്യം വേണമെന്ന് വാശിപിടിക്കുകയായിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.
കെജരിവാളിന്റെ ആര്‍.എസ്.എസ് പക്ഷപാതിത്വത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം സ്വീകരിച്ച നിലപാട്. ഡല്‍ഹിക്ക് സ്വയംഭരണം വേണമെന്ന് നിരന്തരം വാദിക്കുന്ന കെജരിവാള്‍ കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തത് അമ്പരപ്പിക്കുന്നതായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഏടുത്തു കളയുന്നു എന്നതിനപ്പുറം ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ സൈനിക വലയത്തിനുള്ളിലാക്കി, രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേധിച്ച് പാര്‍ലമെന്റിനെയും പ്രതിപക്ഷത്തെയും അപ്രസക്തമാക്കിയുള്ള ഏകപക്ഷീയമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത കെജരിവാള്‍ ആര്‍.എസ്.എസിന്റെ കളിപ്പാവയാണെന്ന് തെളിയിക്കുകയായിരുന്നു.
അധികാര കേന്ദ്രങ്ങളില്‍ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റിയും ഡമ്മികളെ പ്രതിഷ്ഠിച്ചും തങ്ങള്‍ക്ക് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം രീതിയാണ്. യു.പി.എ ഭരണകാലത്തെ സമരങ്ങള്‍ മുതല്‍ കെജരിവാള്‍ സ്വീകരിക്കുന്ന നയങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് വ്യക്തമാവും. ജനാധിപത്യത്തെ കൊലചെയ്ത് പ്രഖ്യാപിച്ച കശ്മീര്‍ ബില്ലിനെ പിന്തുണക്കുന്നതോടെ അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് അനുകൂല മുഖം കൂടുതല്‍ വ്യക്തമാവുകയാണ്.