തിരുവനന്തപുരം: ടിപിയുടെ ബാഡ്ജ് ധരിച്ച് കന്നി എംഎല്‍എയായി നിയമസഭയില്‍ എത്തിയ കെകെ രമയുടെ സത്യപ്രതിജ്ഞ കാണിക്കാതെ കൈരളി ടിവി. എല്ലാ എംഎല്‍എമാരുടേയും സത്യപ്രതിജ്ഞ വ്യക്തമായി കാണിച്ചു. രമേശ് ചെന്നിത്തലയ്ക്ക് ശേഷം സത്യ പ്രതിജ്ഞ ചെയ്യുന്നത് തോട്ടത്തില്‍ രവീന്ദ്രനാണെന്നും പറഞ്ഞു. അപ്പോഴും സ്‌ക്രീനില്‍ കണ്ടത് രമേശ് ചെന്നിത്തല ഒപ്പിടുന്നത്. ഇതൊരു ദൃശ്യമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. അതൊരു ഫ്രീസ്ഡ് ഇമേജായിരുന്നു. ഇതിന് ശേഷം അവതാരകന്റെ പ്രഖ്യാപനം.
ഈ ദൃശ്യങ്ങള്‍ പിആര്‍ഡി നേരിട്ട് നല്‍കുന്നതാണ്. അത് ഫ്രീസായി നില്‍ക്കുന്നു. അതാണ് സംഭവിച്ചത്. അവര്‍ അതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. അതുകൊണ്ട് ചെറിയൊരു ഇടവേള. അതുകഴിഞ്ഞ് തിരിച്ചു വരാം അങ്ങനെ പരസ്യം വന്നപ്പോള്‍ മറ്റ് ചാനലുകളിലേക്ക് പോയവര്‍ കണ്ടത് കെകെ രമയുടെ സത്യപ്രതിജ്ഞയാണ്. അപ്പോഴാണ് രമയെ കാണിക്കാതിരിക്കാനുള്ള ഫ്രീസ് ചെയ്യലാണ് കൈരളിയില്‍ നടന്നതെന്ന സംശയം ശക്തമായത്. പി ആര്‍ ഡിയില്‍ നിന്നു തന്നെയാണ് കോവിഡ് ആയതിനാല്‍ എല്ലാ ചാനലിനും നിയമസഭയിലെ തല്‍സമയ ദൃശ്യങ്ങള്‍ കിട്ടിയത്. അതായത് എല്ലാ ചാനലിലും ഉള്ളത് കൈരളിക്ക് മാത്രം ഫ്രീസായി.
രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങള്‍. അടുത്തതായി സത്യപ്രതിജ്ഞ ചെയ്യുന്നത് തോട്ടത്തില്‍ രവീന്ദ്രന്‍ എന്നും പ്രഖ്യാപിക്കുന്നു. തോട്ടത്തില്‍ രവീന്ദ്രനായിരുന്നു പിന്നീട് വരേണ്ടിയിരുന്നത്. അതൊന്നും കൈരളിയുടെ പ്രേക്ഷകര്‍ കണ്ടില്ല. രമയെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്റെ സത്യപ്രതിജ്ഞയും കൈരളി ഒഴിവാക്കി. പരസ്യം കഴിഞ്ഞ് തിരിച്ചെത്തുമ്‌ബോഴും തല്‍സമയം ഉണ്ടായിരുന്നില്ല. അപ്പോഴും പി ആര്‍ ഡിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് വീണ്ടും കൈരളി ബ്രേക്ക് പോയി. ഈ സമയത്തെല്ലാം കൈരളി ടിവി ഒഴികെയുള്ള ചാനലില്‍ എല്ലാം സത്യപ്രതിജ്ഞ കാണാമായിരുന്നു. സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് വീണ്ടും കൈരളിയില്‍ തല്‍സമയം തുടങ്ങിയത്. അതായത് തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, റോജി എം ജോണ്‍, റോഷി അഗസ്റ്റിന്‍, കെ എം സച്ചന്‍ ദേവ്, സജീവ് ജോസഫ് എന്നിവരുടെ സത്യപ്രതിജ്ഞ കൈരളിയില്‍ കണ്ടില്ല.
എന്നാല്‍ ഇതിനെല്ലാം കാരണം സാങ്കേതിക പ്രശ്‌നമാണെന്ന് കൈരളി ടിവി വിശദീകരിച്ചു കൊണ്ടിരുന്നു. ഇതിനിടെയില്‍ നിയമസഭാ വെബ്‌സൈറ്റിലെ ദൃശ്യങ്ങളും നല്‍കി. അങ്ങനെ സാങ്കേതിക പ്രശ്‌നം എന്നത് സത്യമാണെന്ന് വരുത്താന്‍ ചെയ്യാവുന്നതെല്ലാം കൈരളിയും ചെയ്തു. പക്ഷേ കെകെ രമയുടെ സത്യപ്രതിജ്ഞാ സമയത്തായിരുന്നു ഈ വിഷയമെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഈ വിഷയം ചര്‍ച്ചയാക്കുന്നതും.