X

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി

എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് പദവിയില്‍നിന്ന് ആദിത്യനെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി. കാട്ടാക്കട ആള്‍മാറാട്ട വിവാദത്തില്‍ ആദിത്യന്‍ ആരോപണവിധേയനായിരുന്നു. വഞ്ചിയൂര്‍ ഏരിയയില്‍നിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദര്‍ശ് തുടരും.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച എ.എസ് അനഘയ്ക്ക് പകരം ആള്‍മാറാട്ടം നടത്തി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ച സംഭവത്തില്‍ ആദിത്യനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ സമ്മേളനത്തില്‍ ആള്‍മാറാട്ടം അടക്കമുള്ള വിഷയങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സമ്മേളന പ്രതിനിധികളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു.

2022 ഡിസംബര്‍ 30നാണു ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദര്‍ശിനെ ജില്ലാ സെക്രട്ടറിയായും ചുമതലപ്പെടുത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥനും പ്രസിഡന്റ് ജോബിന്‍ ജോസും മദ്യപിച്ച് റോഡില്‍ നൃത്തം
ചെയ്ത വിഡിയോ പുറത്തുവന്നതോടെയാണ് ഇവരെ മാറ്റി ആദിത്യനെയും ആദര്‍ശിനെയും നിയമിച്ചത്.

webdesk13: