വടകര വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വ്യാജ രേഖ ചമ്മച്ചതിനുള്ള 468, 471 ഐ.പി.സി എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്തതായി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തന്റെ പേരിൽ വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര പോലീസിന് പരാതി നൽകിയിരുന്നെങ്കിലും വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകൾ ചേർക്കാതെയായിരുന്നു വടകര പോലീസ് കേസ് എടുത്തിരുന്നത്.
ഇത് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വകുപ്പുകൾ ചേർക്കാത്തതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു. അതിനെ തുടർന്നാണ് വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തതായി കാണിച്ചു കൊണ്ട് വടകര പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജ രേഖ ചമച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ എന്ത് കൊണ്ട് കാസിമിനെ വാദിയായി കാണിച്ചില്ല എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഇന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.