X

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; പി കെ ഖാസിമിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പി കെ ഖാസിം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. കേസിലെ ഗൂഢാലോചന, വ്യാജ സ്‌ക്രീന്‍ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് പി കെ ഖാസിമിന്റെ ആവശ്യം.

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസമായ ഏപ്രില്‍ 24 നാണ് വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പി കെ മുഹമ്മദ് കാസിം എന്ന യുത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരിലായിരുന്നു പോസ്റ്റ്. തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും അതിന് പിന്നിലുള്ളവരെ പിടി കൂടണമെന്നും അവശ്യപ്പെട്ട് അന്നു തന്നെ കാസിം വടകര പൊലീസില്‍ പരാതി നല്‍കി.

ഈ പരാതി അവഗണിച്ച് സി.പി.എം പരാതി പരിഗണിച്ച് കാസിമിനെ പ്രതിചേര്‍ത്ത് കേസെടുത്ത പൊലീസ് കാസിമിനെ ചോദ്യം ചെയ്തതു, മൊബൈലും പരിശോധിച്ചു. കാസിമിന്റേതല്ല പോസ്റ്റ് എന്ന തിരിച്ചറിഞ്ഞ പൊലീസ് പക്ഷെ ആരാണ് അതിന് പിന്നിലെന്ന അന്വേഷണത്തിലേക്ക് പോയില്ല. തുടര്‍ന്ന് എസ്.പിക്കും ഡി.ജി.പിക്കും പരാതി നല്‍കിയ കാസിം ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍ നീക്കം തുടങ്ങി.

ഇതോടെയാണ് ഒരു മാസത്തിലധികമായി നിലച്ച അന്വേഷണം പൊലിസ് പുനരാരംഭിച്ചു. മുന്‍ എം.എല്‍.എ കെ.കെ ലതിക ഉള്‍പ്പെടെ ഏതാനം പേരുടെ മൊഴിയുംരേഖപ്പെടുത്തി. ഹൈക്കോടതിയിലെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടലാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെതിരെ ആരോപനവുമായി ആര്‍.എം.പി യുവജനവിഭാഗം രംഗത്തെത്തി. യു.ഡി.എഫും ആര്‍.എം.പിയും എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ്, യൂത്ത്‌കോണ്‍ഗ്രസ് സംഘടനകളും കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു.

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. സിപിഎം കേന്ദ്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിര്‍ പ്രയോഗം തരംതാഴ്ന്നതാണെന്നും വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.

മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. ലീഗ് പ്രവര്‍ത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ ഫേക്ക് ആയ പ്രയോഗം വന്നത്. അത് ഫേക്ക് ആണെന്ന് ലീഗ് തെളിയിച്ചു, നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അത് ആരാണ് ചെയ്തത് എന്ന് പറയേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും പൊലീസിനുമാണ്. രംഗം വഷളാക്കാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തതാരെന്നു കണ്ടെത്തണമെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചിരുന്നു.

webdesk13: