X

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; കേസിൽ പ്രതിരോധത്തിലായി സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സിപിഎമ്മിന് തിരിച്ചടി. പ്രാഥമിക അന്വേഷണത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സിപിഎം പ്രതിരോധത്തിലായത്. വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് സൈബര്‍ പേജുകള്‍ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പല തവണ രംഗത്തു വന്നതും യുഡിഎഫ് ആയുധമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടതും ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു.

വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. വിഷയത്തില്‍ പ്രതികരിച്ച് വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഷാഫി പറമ്പില്‍ എംപിയും രംഗത്തെത്തി. സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓര്‍ത്താണ് ഈ തള്ളിപ്പറയലെന്നും ഷാഫി പ്രതികരിച്ചു.

സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ കാസിം അല്ലെന്ന് പൊലീസ് തന്നെ പറയുമ്പോള്‍, ആ വ്യാജ പ്രചാരണത്തിന് പിന്നില്‍ ആരാണ് ഈ ചോദ്യത്തിന്റെ ഉത്തരം പൊലീസ് കണ്ടെത്തട്ടെയെന്ന മറുപടിയാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാത്തത് സിപിഎം സമ്മര്‍ദ്ദമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് പിന്‍വലിക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവ് കെ കെ ലതികയും തയ്യാറായിട്ടില്ല.

 

webdesk13: