X

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: അന്വേഷണ പുരോഗതി 13നകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കണം

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച കേസിലെ അന്വേഷണ പുരോഗതി ഡിസംബര്‍ 13നകം വീണ്ടും സമര്‍പ്പിക്കണമെന്ന് വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

കേസ് അന്വേഷണത്തില്‍ പൊലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം നല്‍കിയ ഹരജിയില്‍ വടകര പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വെള്ളിയാഴ്ച കേസ് പരിഗണനക്കെടുത്ത കോടതി അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കേസില്‍ മാധ്യമങ്ങള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അരമണിക്കൂറോളമാണ് കേസില്‍ വാദപ്രതിവാദങ്ങള്‍ നടന്നത്.

കേസന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് സര്‍ക്കാറിനുവേണ്ടി പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍, കേസില്‍ ഹൈകോടതി വിധി വന്ന സെപ്റ്റംബര്‍ ഒമ്പതിനുശേഷം അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു. വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിക്കുകയും അതുവഴി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും ഐ.പി.സി 153 എ വകുപ്പ് കേസില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് വിസമ്മതിക്കുകയാണെന്നും സംഭവം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും കാസിമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ ഫേസ്ബുക്ക് പേജുകളും റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സ്ആപ് ഗ്രൂപ്പുകളും വഴിയാണ് പോസ്റ്റ് ആദ്യമായി പ്രചരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അത് മാസങ്ങള്‍ക്ക് മുമ്പ് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ആവര്‍ത്തനം മാത്രമാണ്.

പോസ്റ്റുകള്‍ ആദ്യമായി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്തിയിട്ടും അവരെ ആരെയും കേസില്‍ പ്രതിചേര്‍ക്കാത്തതും വിചിത്രമാണ്. അതുകൊണ്ടുതന്നെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന സര്‍ക്കാര്‍ വാദം മുഖവിലക്കെടുക്കാന്‍ സാധിക്കില്ലെന്നും അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. ഈ വാദം മുഖവിലക്കെടുത്താണ് കോടതി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

webdesk13: