കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുപക്ഷത്തെ ഒരാള്‍ക്കും പങ്കുണ്ടാവില്ലെന്ന് ന്യായികരിച്ച് മുന്‍ സി.പി.എം എം.എല്‍.എ കെ.കെ. ലതിക. മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും പറഞ്ഞതിലപ്പുറമൊന്നും പറയാനില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒരുതരത്തിലുള്ള വര്‍ഗീയ പ്രചാരണം ഉണ്ടാകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും ലതിക മാധ്യമങ്ങളോട് പറഞ്ഞു.
എവിടെ നിന്നാണ് സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്ന് റിബേഷ് പറയാത്തതിന് കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല, ഇടതുപക്ഷത്തെ ഒരാള്‍ക്കും ഇതില്‍ പങ്കുണ്ടാവില്ല. ഈ തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വിജയപരാജയങ്ങള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വലിയ രൂപത്തിലുള്ള ഇടപെടലാണ് പാര്‍ട്ടി നടത്തുന്നത്. വര്‍ഗീയതയുടെ ഒരംശംപോലുമുണ്ടാകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.
‘ഇങ്ങനെയുള്ള ഒരു കാര്യം പ്രചരിപ്പിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നമ്മള്‍ ഇവിടെ ജീവിക്കേണ്ടവരല്ലേ എന്നാണ് പ്രചരിപ്പിച്ചത്. ഇത് എം.വി. ഗോവിന്ദനും പറഞ്ഞു. ഇങ്ങനെയൊന്ന് പ്രചരിപ്പിക്കരുത് എന്ന് പറയുന്നത് തെറ്റാണോ. ആ നാട്ടില്‍ നടന്ന പ്രചരണം എന്താണെന്ന് അറിയാവുന്ന വ്യക്തിയാണ് ഞാന്‍. അന്വേഷണം പുരോഗിമക്കട്ടെ’, കെ.കെ. ലതിക പറഞ്ഞു.