വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഘട്ടത്തിൽ പ്രത്യേകമായി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീർപ്പാക്കി.
കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. ഇതാണ് ഇന്ന്, ഹൈക്കോടതി തീർപ്പാക്കിയത്.
നിലവിൽ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നു പറഞ്ഞ പൊലീസിന് ചില പ്രധാന നിർദേശങ്ങളും മുന്നോട്ടുവച്ചു. ‘അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഫൊറൻസിക് പരിശോധനാഫലം പൂർത്തിയാക്കി വ്യാജ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണം’- ഹൈക്കോടതി വിശദമാക്കി. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അപാകത തോന്നുന്നുണ്ടെങ്കിൽ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം മുഹമ്മദ് കാസിം ആണ് വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടതു സൈബര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതാദ്യം പ്രചരിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരന്‍ മുഹമ്മദ് കാസിം ഇരയാണെന്ന് നിരീക്ഷിച്ച കോടതി, ഡിവൈഎഫ്‌ഐ നേതാവിന്റെ അടക്കം പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയപരിശോധന വേഗത്തിലാക്കാനും കോടതി നിര്‍ദേശിച്ചു. വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ സിപിഎമ്മിന്റെ സൈബര്‍ ചാവേറുകളാണെന്നാണ് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ റിബേഷിനെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.