X

വടകരയിലെ കാഫിർ പ്രയോഗം: സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു: യൂത്ത് ലീഗ്

പാർലമെൻ്റ് തെരഞ്ഞടുപ്പിൽ കനത്ത പരാജയഭീതി മൂലം സി.പി.എം ആസൂത്രണം ചെയ്ത വടകരയിലെ കാഫിർ പ്രയോഗം മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഇതിൻ്റെ പിന്നിലെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

കേവലം തെരഞ്ഞടുപ്പ് വിജയം ലക്ഷ്യമാക്കി നടത്തിയ നീച ശ്രമം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുന്നത്. കുറ്റക്കാരെ കണ്ടെത്താൻ യു.ഡി.എഫ് നിരന്തരം പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. പ്രതികളെ കണ്ടെത്താൻ നൂതന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കെ സി.പി.എമ്മിൻ്റെ ഉന്നതരുടെ പങ്ക് വെളിച്ചത്താകുമെന്നത് കൊണ്ടാണ് പാർട്ടിക്ക് വേണ്ടി പൊലീസ് ഒത്ത് കളിക്കുന്നതെന്ന് യോഗം ആരോപിച്ചു. കേരളം അനുവർത്തിച്ച് വരുന്ന മത സൗഹാർദ്ദത്തിൻ്റെയും നന്മയുടെ രാഷ്ട്രീയത്തിൻ്റെയും നിലനിൽപിന് പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പൊലീസ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരളത്തിൽ മദ്യമാഫിയക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മദ്യനയത്തിൽ ഇളവ് വരുത്താൻ കോടികൾ ആവശ്യമാണെന്ന് ബാർ ഉടമകൾ തന്നെ സാക്ഷ്യപെടുത്തിയതോടെ സർക്കാറിൻ്റെ തനിനിറം പുറത്ത് വന്നിരിക്കുന്നു. ഇതിന് ചരട് വലിക്കുന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിനെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും പുറത്താക്കി അന്വേഷണം നടത്താനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇടത് ഭരണത്തിൽ പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിരന്തരമായി മലബാർ അവഗണിക്കപ്പെടുകയാണ്. എസ്.എസ്എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർ പോലും ഉപരിപഠനത്തിന് മലബാറിൽ നെട്ടോട്ടമോടുന്ന സാഹചര്യമാണുള്ളത്. അധിക ബാച്ച് എന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാർ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടുകയാണെന്നും ഇതിനെതിരെ ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. ട്രഷറർ പി. ഇസ്മായീൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ ചർച്ചയിൽ പങ്കെടുത്തു.

webdesk13: