X
    Categories: News

അന്യായ തടങ്കലിന് മറയാകുന്ന ദേശീയ സുരക്ഷാനിയമം

ദേശീയ സുരക്ഷാനിയമം ദുരുപയോഗംചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്യായ തടങ്കലില്‍ വെച്ചിരുന്ന ഡോ. കഫീല്‍ഖാനെ അലഹബാദ് ഹൈക്കോടതി മോചിപ്പിച്ചിരിക്കുകയാണ്. കഫീല്‍ഖാനെ തടങ്കലില്‍ വെക്കാനുള്ള ഫെബ്രുവരിയിലെ യഥാര്‍ത്ഥ ഉത്തരവും തുടര്‍ന്ന് രണ്ട് പ്രാവശ്യം നീട്ടിനല്‍കിയതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹ്രസ്വവും എന്നാല്‍ ശക്തവുമായ വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. ഗോരഖ്പൂരില്‍ ജോലി ചെയ്യുന്നതിനിടെ 2017 ആഗസ്തില്‍ 63 പിഞ്ചുകുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. കരാറുകാരന്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ആസ്പത്രിയില്‍ കുട്ടികള്‍ മരിച്ചുവീണത്. അതേസമയം സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് ഓക്‌സിജന്‍ വരുത്തി കഫീല്‍ഖാന്‍ നിരവധി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവത്താലാണെന്നാണ് വ്യക്തമാക്കിയത്. മാത്രമല്ല അശ്രദ്ധ, കൃത്യവിലോപം, അഴിമതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഖാനെ ജയിലിലടയ്ക്കുകയും ചെയ്തു.

ഒന്‍പതു മാസത്തെ ജയില്‍ ശിക്ഷക്കുശേഷം 2018 ഏപ്രിലില്‍ പുറത്തിറങ്ങിയ ഖാന്‍ പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശകനാകുകയായിരുന്നു. അതോടെ ഖാന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കണ്ണിലെ കരടായി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈ വര്‍ഷം ജനുവരിയില്‍ അലിഗഡ് മുസ്‌ലിം യൂണിവാഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അലിഗഡ് പൊലീസ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ചെയ്തു. പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ജനുവരി 29ന് മുംബൈയില്‍ അറസ്റ്റിലായ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് ഭരണകൂടം ശക്തമായി എതിര്‍ത്തിട്ടും ഫെബ്രുവരി പത്തിന് ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തെ പുറത്തിറക്കാന്‍ പൊലീസ് സമ്മതിച്ചില്ല. മറ്റൊരു മോചന ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ അവര്‍ കോടതിയെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം അദ്ദേഹത്തെ അകത്താക്കാന്‍ ഫെബ്രുവരി 13നു തന്നെ ഭരണകൂടം തിടുക്കംകാട്ടി.
ജയിലിലായി ഒന്‍പതു മാസത്തിനുശേഷം സെപ്തംബര്‍ ഒന്നിന് മോചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായ യഥാര്‍ത്ഥ തടങ്കലും പിന്നീട് നീട്ടിയതും കോടതി റദ്ദാക്കിയിട്ടുണ്ട്. ഡിസംബറില്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പെടുത്ത കോടതി സമൂഹത്തില്‍ ഛിദ്രത വരുത്തുന്ന യാതൊന്നും അതിലില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തു. ഖാനെ ജയിലിലടയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിച്ച അടിസ്ഥാന ആരോപണമായിരുന്നു പ്രസംഗത്തില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നുവെന്നത്.

നിയമ തടസ്സങ്ങള്‍ നീക്കാന്‍ സഹായകമായ തടങ്കല്‍ രേഖകള്‍ നിഷേധിക്കുന്നതുള്‍പ്പെടെ ഖാന്‍ ജയിലില്‍ തന്നെ തുടരാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സര്‍വ കുതന്ത്രങ്ങളും പയറ്റിയിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം ഖാനെ മാസങ്ങളോളം തടവിലാക്കിയ സംഭവം ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് കേസുകളില്‍ ഒന്ന് മാത്രമാണ്. പതിവ് ക്രിമിനല്‍ നടപടികള്‍ മറികടന്ന് തങ്ങള്‍ക്ക് പ്രശ്‌നക്കാരെന്ന് തോന്നുന്നവരെ സര്‍ക്കാറുകള്‍ ദീര്‍ഘകാലത്തേക്ക് തടവിലാക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ബ്രിട്ടീഷ് ഭരണകൂടം രൂപപ്പെടുത്തിയ പ്രതിരോധ തടങ്കല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണ് ദേശീയ സുരക്ഷാനിയമം. ഒരര്‍ത്ഥത്തില്‍, 1980 ല്‍ പാസാക്കിയ ഈ നിയമം, രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കാന്‍ അടിയന്തരാവസ്ഥയില്‍ വ്യാപകമായി ഉപയോഗിച്ച ആഭ്യന്തര സുരക്ഷാപരിപാലന നിയമത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പൊതു നിയമക്രമത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യങ്ങളില്‍പോലും ദേശീയ സുരക്ഷാനിയമം നടപ്പാക്കിയിട്ടുണ്ട്. ‘പബ്ലിക് ഓര്‍ഡര്‍’ പ്രശ്‌നവും ‘ക്രമസമാധാന’ പ്രശ്‌നവും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍, പൊതുനിയമത്തിന് വിശാലമായ അവകാശങ്ങളുണ്ട്, കാരണം ഇത് മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നു. അസ്വസ്ഥതയുടെ തോത് വിശാലവും യാഥാര്‍ത്ഥ്യവുമായിരിക്കുമ്പോള്‍ പൊതു സമാധാനവും പ്രശാന്തതയും അപകടത്തിലാക്കുന്നുവെന്നത് ഒരു പ്രതിഭാസമാണ്. അടുത്ത കാലത്തായി പശുവിനെ കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ചുവരേ ദേശീയ സുരക്ഷാനിയമം പ്രയോഗിക്കുന്നുണ്ട്. 2017 ജൂണ്‍ മുതല്‍ 2018 സെപ്തംബര്‍ വരെ, ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതേ നിയമം ഉപയോഗിച്ചിരുന്നു. വിചാരണ കൂടാതെ ദീര്‍ഘകാലം തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്നതിനാലാണ് പൊലീസ് ദേശീയ സുരക്ഷാനിയമം ഉപയോഗിക്കുന്നത്. നിയമപരമായ പ്രാതിനിധ്യത്തിനുള്ള അവകാശവും അറസ്റ്റിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടെ പ്രതിയുടെ പ്രധാന അവകാശങ്ങള്‍ ഇല്ലാതാക്കാനും ഈ വകുപ്പുവഴി സാധ്യമാകുന്നു. വ്യക്തിഗത കേസുകളെ അടിസ്ഥാനമാക്കി തടങ്കല്‍ നിയമത്തെക്കുറിച്ച് ഇടക്കിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ എതിര്‍പ്പ് വളരെ ദുര്‍ബലമാണ്. കാരണം സംസ്ഥാന സര്‍ക്കാരുകള്‍ പോലും ദേശീയ സുരക്ഷാനിയമം രാഷ്ട്രീയ എതിരാളികളെ നിലക്കുനിര്‍ത്താന്‍ ഉപയോഗപ്രദമാണെന്ന് കരുതുന്നു. ഈ നിയമപ്രകാരം തടങ്കലില്‍ വെക്കുന്നതില്‍ കോടതികളും നിസ്സഹായരാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഖാന്റെ കാര്യത്തിലും, രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവുമായ തടങ്കലില്‍നിന്ന് മോചനം നല്‍കാന്‍ കോടതി ഒമ്പത് മാസമെടുത്തു.

ദേശീയ സുരക്ഷാനിയമം രണ്ട് തലത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും അത് ദുര്‍ബലപ്പെടുത്തണം. അത് പരാജയപ്പെട്ടാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കുറഞ്ഞത് നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധനകളും സന്തുലിതാവസ്ഥയും നടത്താന്‍ ശ്രമിക്കണം. അത് പാര്‍ലമെന്റിലൂടെ മാത്രമേ സാധ്യമാകൂ. രണ്ടാമതായി പരമോന്നത നീതിപീഠം ഇത്തരം തടങ്കലുകളെ ഏറ്റവും അടിയന്തിര കേസുകളായി കണക്കാക്കുകയും ഒരു വ്യക്തിയെ തടവിലാക്കുന്നത് തുടരാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ ആലസ്യം ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ അനുവദിക്കാതിരിക്കുകയും വേണം. ഏറ്റവും പ്രധാനമായി, പ്രിവന്റീവ് ഡിറ്റന്‍ഷന്‍ നിയമം ഏകപക്ഷീയമായി ഉപയോഗിച്ചതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ നല്‍കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന വിവേചനാധികാരം നല്‍കുന്ന ഉപവകുപ്പുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.
(കടപ്പാട്: ശ്രുതിസാഗര്‍ യമുനന്‍ scroll.in)

 

chandrika: