പൗരത്വനിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി. 1980ലെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരമാണ് കഫീല്‍ ഖാന്റെ തടങ്കല്‍ നീട്ടിയത്. 2019 ഡിസംബര്‍ 10ന് പൗരത്വനിയമഭേദഗതിക്കെതിരെ അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇക്കൊല്ലം ജനുവരി 29 ന് അദ്ദേഹത്തെ തടവിലാക്കിയത്.
നിയമപ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച എന്‍എസ്എ ഉപദേശക സമിതിയും അലിഗഢ് ജില്ലാ മജിസ്ട്രേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തടവ് നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ഈ മാസം നാലാം തിയതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം ഈ വര്‍ഷം നവംബര്‍ 13 വരെ അദ്ദേഹം ജയിലില്‍ തുടരും.
കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് ആഭ്യന്തര (സുരക്ഷാ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വിനയ് കുമാര്‍ ഒപ്പിട്ട ഉത്തരവില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മഥുര ജയിലിലാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്.
പ്രസംഗത്തിന്റെ പേരില്‍ ജനുവരി 30ന് കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അലിഗഢ് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. എന്നാല്‍ ഇതിന് പിന്നാലെ കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.