X
    Categories: Views

കടവത്തൂര്‍ ലീഗ് ഹൗസ് തീവെപ്പ് കേസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

 
പാനൂര്‍: കടവത്തൂര്‍ ഏരിയ മുസ്‌ലിം ലീഗ് ഓഫീസായ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി സ്മാരക ലീഗ് ഹൗസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എസ്.ഡി.പി.ഐ യുടെ സജീവ പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ പറമ്പത്ത് മഹമൂദ്(28), കൊയില്ല്യാത്ത് അബ്ദുല്ല(32), കൊയിറ്റം കണ്ടി അബ്ദുല്ല(33) എന്നിവര്‍ക്കെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മാര്‍ച്ച് 26 ന് രാത്രിയാണ് കടവത്തൂര്‍ ടൗണിലുള്ള മുസ്‌ലിം ലീഗ് ഓഫീസ് അക്രമിസംഘം തീവെച്ച് നശിപ്പിച്ചത്. സംഭവത്തിന്റെ മൂന്ന് ദിവസം മുമ്പ് ടൗണില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തുകയും യൂത്ത് ലീഗ് നിയന്ത്രണത്തിലുള്ള ക്ലബ് തകര്‍ക്കുകയും യൂത്ത് ലീഗ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഓഫീസ് കത്തിച്ചത് ബി.ജെ.പിയാണെന്ന് വരുത്തി തീര്‍ത്ത് അതുവഴിനാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ഗൂഢ ശ്രമമായിരുന്നു ഓഫീസിന് തീവെച്ചതിലൂടെ എസ്.ഡി.പി.ഐ ലക്ഷ്യമിട്ടത്.
സാക്ഷിമൊഴിയും സമീപത്തെ കടയിലുള്ള സി.സി ടിവി പരിശോധനയിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും അന്വേഷണത്തില്‍ കാണിച്ച നിസംഗതയില്‍ പ്രതിഷേധിച്ച് കടവത്തൂര്‍ ഏരിയ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖത്തില്‍ പ്രതിഷേധ കൂട്ടായ്മയും കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. ഓഫീസ് തീവെപ്പ് കേസിലെ പ്രതികള്‍ ടൗണില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും പ്രതികളെ പിടികൂടാതിരുന്ന പൊലീസ് നടപടിയില്‍ പൊതുജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് രണ്ടാം തവണയാണ് ഓഫീസിന് നേരേ ആക്രമണം നടന്നത്. ആദ്യ തവണ, സമീപത്തെപള്ളി ഉദ്ഘാടനം നടക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ അക്രമി സംഘം പൂര്‍ണ്ണമായും എറിഞ്ഞുതകര്‍ത്തിരുന്നു. സംഭവത്തില്‍ അന്ന് വേണ്ട രീതിയില്‍ പൊലീസ് അന്വേഷണം നടന്നിരുന്നില്ല. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം ഉണ്ടാകാനുള്ള ആസൂത്രിത ശ്രമം ഓഫീസ്് തീവെപ്പിന് പിന്നിലുണ്ടെന്നും തീവെപ്പ് കേസിലെ ഗൂഡാലോചനക്കാരെ പുറത്തുകൊണ്ട് വരാന്‍ പൊലീസ് സമഗ്രഅന്വേഷണം നടത്തണമെന്നും മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയും ഏരിയലീഗ് ഭാരവാഹികളും ആവശ്യപ്പെട്ടു.

chandrika: