X
    Categories: main stories

ശബരിമല: വിശ്വാസികളോട് ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികളോട് ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.’ മന്ത്രി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വന്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാടില്‍ മലക്കം മറിഞ്ഞത്. നേരത്തെ പുരോഗമനപക്ഷം എന്നവകാശപ്പെട്ടാണ് സിപിഎം ശബരിമല യുവതീപ്രവേശനത്തെ പിന്തുണച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ വിശ്വാസപരമായ കാര്യങ്ങളില്‍ യുഡിഎഫ് നിലപാട് തന്നെയാണ് ശരിയെന്ന് തെളിയിക്കുന്നതാണ് സിപിഎം നേതൃത്വത്തിന്റെ മലക്കംമറിച്ചില്‍.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: