കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ കാബൂളിലെ പൊലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
ഇന്റലിജന്‍സ് ഓഫീസിനു മുന്നിലായിരുന്നു മറ്റൊരു ആക്രമണം. ഒരു ഭീകരനെ പൊലീസ് വെടിവെച്ച് വീഴ്ത്തിയെങ്കിലും മറ്റൊരു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും പൊലീസുകാരും സൈനികരുമാണുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. വിദേശ സൈനികരെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നാണ് താലിബാന്റെ ആവശ്യം.