X

കാബൂളില്‍ നബിദിനാഘോഷത്തിനിടെ ചാവേറാക്രമണം; 50 മരണം

 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മുസ്്‌ലിം പണ്ഡിത സംഗമത്തിനുനേരെ ചാവേറാക്രമണം. അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. 83 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നബിദിനാഘോഷത്തോടനുബന്ധിച്ച് കാബൂളിലെ ഒരു വെഡ്ഡിങ് ഹാളില്‍ നടന്ന പരിപാടിയിലേക്ക് ചാവേര്‍ നുഴഞ്ഞുകയറുകയായിരുന്നു. നൂറുകണക്കിന് മുസ്്‌ലിം പണ്ഡിതന്മാരും നേതാക്കളും പങ്കെടുത്ത വേദിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭരണകൂടവുമായി ബന്ധമുള്ള പണ്ഡിതന്മാരെ താലിബാനും ഇസ്്‌ലാമിക് സ്റ്റേറ്റും ആക്രമിക്കാറുണ്ട്. പരിപാടിയുടെ സംഘാടകര്‍ പൊലീസ് സംരക്ഷണം തേടിയിരുന്നില്ല. ഭൂരിഭാഗം വെഡ്ഡിങ് ഹാളുകള്‍ക്കും സ്വകാര്യ പാറാവുകാരാണുള്ളത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. ചാവേറാക്രമണത്തെ ഇസ്്‌ലാമിക വിരുദ്ധമായി പ്രഖ്യാപിക്കുകയും സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത പണ്ഡിത സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

chandrika: