കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ ശിയാ പള്ളിയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ആശൂറ ദിനാചരണത്തോടനുബന്ധിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ഒത്തുകൂടിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. പ്രവേശന കവാടത്തിലുണ്ടായിരുന്ന പൊലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തി എ.കെ-47 തോക്ക് തട്ടിയെടുത്ത അക്രമി ജനക്കൂട്ടത്തിലേക്ക് വിവേചനരഹിതമായി വെടിവെക്കുകയായിരുന്നു.
സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ ബന്ധിച്ച് പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ച മറ്റൊരു ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് സ്വദീഖ് സിദ്ദീഖി പറഞ്ഞു. കാബൂള്‍ സര്‍വകലാശാലക്കു സമീപം കാര്‍തെ സാഖി പള്ളിയിലേക്ക് പൊലീസ് യൂണിഫോമിലാണ് അക്രമി എത്തിയത്. ആശൂറ ദിനത്തില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കാബൂളില്‍ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ശിയാക്കള്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നെങ്കിലും സുരക്ഷാ വലയങ്ങളെ ഭേദിച്ചാണ് പള്ളിയില്‍ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.