X

കാബൂളില്‍ സ്‌ഫോടനം; നാല് മരണം

 
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ മുസ്‌ലിം ആരാധനാലയത്തില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ പള്ളിയായ അല്‍ സഹ്‌റയിലാണ് ആക്രമണമുണ്ടായത്. റമസാനിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്‍ അക്രമി വെടിയുതിര്‍ത്തു. അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയം വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. തുടര്‍ന്ന് പള്ളിയോട് ചേര്‍ന്നുള്ള പാചകസ്ഥലത്ത് അഭയം തേടിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മന്ത്രാലയത്തിന്റെ സ്ഥിതീകരണം. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഷിയാ പള്ളിയായ അല്‍ സഹ്‌റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറിലുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അഫ്ഗാനിലെ ലാഹ്മാന്‍ പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. തൊഴിലാളികളുമായി പോയ വാഹനം സ്‌ഫോടക വസ്തുക്കളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.കഴിഞ്ഞയിടെയായി ഒട്ടേറെ സ്‌ഫോടനങ്ങളാണ് നടന്നത്.

chandrika: