പ്രതിപക്ഷ പാർട്ടികൾക്ക് പൊതുവായ ലക്ഷ്യവും അത് പ്രതിഫലിപ്പിക്കുന്ന അജണ്ടയും സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ വിട്ടുവീഴ്ചക്കും തയ്യാറാണെങ്കിൽ 2024-ൽ യുപിഎ-3 സർക്കാർ അധികാരത്തിൽ വരുന്നത് അസാധ്യമല്ലെന്ന് രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരു പൊതു മിനിമം പരിപാടിക്ക് പകരം പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി, ടിഎംസി നേതാവ് മമത ബാനർജി, എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂൺ 23ന് പട്‌നയിൽ ആതിഥേയത്വം വഹിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായായാണ് അദ്ദേഹത്തിന്റെ പരാമർശം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ ആലോചിക്കും.
2024-ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയല്ലെന്നും അദ്ദേഹം ശാശ്വതമാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയായിരിക്കണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.“രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ ഒരേ സീറ്റിൽ മത്സരിക്കുന്ന സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സമയത്ത് കൊടുക്കലും വാങ്ങലും ആവശ്യമാണ്. ഈ മൂന്ന് കാര്യങ്ങളും അംഗീകരിച്ചുകഴിഞ്ഞാൽ, യുപിഎ-3 വളരെ സാദ്ധ്യമാണെന്ന് ഞാൻ കരുതുന്നു, ”സിബൽ പിടിഐയോട് പറഞ്ഞു.
പ്രതിപക്ഷ നിരയിൽ കാര്യമായ ഭിന്നതയുണ്ടാകുമ്പോൾ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാർത്ഥികളെ നിർത്തുന്നത് പ്രായോഗികമായി സാധ്യമാകുമോ എന്ന ചോദ്യത്തിന്, പല സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. .
“ഉദാഹരണത്തിന്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷം കോൺഗ്രസാണ്. ഈ സംസ്ഥാനങ്ങളിൽ ഒരു പ്രശ്നവുമില്ല. പശ്ചിമ ബംഗാൾ പോലെ കോൺഗ്രസിതര പ്രതിപക്ഷ സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് ആണ് പ്രധാന പങ്കാളിയെന്ന് നമുക്കെല്ലാവർക്കും അറിയാം. പശ്ചിമ ബംഗാളിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകാവുന്ന വളരെ കുറച്ച് മണ്ഡലങ്ങളേ ഉണ്ടാകൂ, ”അദ്ദേഹം പറഞ്ഞു.
അതുപോലെ, തമിഴ്‌നാട്ടിൽ കോൺഗ്രസും ദ്രാവിഡ മുന്നേറ്റ കഴകവും പലതവണ യഥാർത്ഥ സംഘർഷങ്ങളില്ലാതെ ഒരുമിച്ച് പോരാടിയതിനാൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.
“തെലങ്കാന പോലൊരു സംസ്ഥാനത്ത് ഒരു പ്രശ്നമുണ്ടാകാം. ആന്ധ്രാപ്രദേശിൽ, ജഗന്റെ പാർട്ടി (വൈഎസ്ആർസിപി), കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി) എന്നിവ ഉൾപ്പെടുന്ന ത്രികോണ മത്സരം കാരണം പ്രതിപക്ഷ സഖ്യം ഉണ്ടാകാൻ സാധ്യതയില്ല,” അദ്ദേഹം പറഞ്ഞു.
‘ഗോവയിൽ വീണ്ടും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകും. ഉത്തർപ്രദേശിൽ യഥാർത്ഥ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ്. രാഷ്ട്രീയ ലോക്ദളും കോൺഗ്രസും ജൂനിയർ പങ്കാളികളായിരിക്കും. ബിഹാറിൽ കോൺഗ്രസിന് യഥാർത്ഥ സാന്നിധ്യമില്ല. അതുകൊണ്ട് ആ മുന്നണിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല,” സിബൽ വ്യക്തമാക്കി