വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുന്നത് മറ്റൊരു വിവാഹപ്പന്തലിലെ വധുവായിട്ടായാലോ. അഡ്വ. കപില്‍ സിബലിന്റെ കാര്യത്തില്‍ ഈ വാരം ഇന്ത്യ കണ്ടത് അതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് രണ്ടുവര്‍ഷം മുമ്പ് 23 നേതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചവരിലെ (ജി-23) നേതാവാണ് ആരോരുമറിയാതെ (അറിഞ്ഞവര്‍ പറയാതെ) ഒറ്റ രാത്രികൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി ഗാന്ധി കുടുംബാംഗം വേണ്ടെന്നായിരുന്നു സിബലിന്റെ ആവശ്യങ്ങളിലൊന്ന്. മെയ് 14-16ലെ ചിന്തന്‍ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന സിബലിനെ 25ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കൂടെയാണ് ജനം കാണുന്നത്. സ്വതന്ത്രനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയാണ്. അന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം തീരുന്നതും. ‘ഇറങ്ങി, ഇനിയും നേരത്തെ ഇറങ്ങണോ’ എന്ന ചോദ്യം പോലെ മെയ് 16നേ താന്‍ കോണ്‍ഗ്രസ് വിട്ടുവെന്ന് സിബല്‍ പറയുമ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാണ്.
രാജ്യത്തെ ഏറ്റവും പ്രഗത്ഭ അഭിഭാഷകനാണ് കപില്‍സിബല്‍. തികഞ്ഞ മതേതരവാദിയും നിയമ-ബുദ്ധിജീവിയും കോളമിസ്റ്റും. മതേതരത്വം, ന്യൂനപക്ഷ-മനുഷ്യാവകാശം, ബി.ജെ.പിയിതര സര്‍ക്കാരുകളെ പിരിച്ചുവിടല്‍ തുടങ്ങി ഭരണഘടനയെ ബാധിക്കുന്ന ഏതൊരു കേസ് സുപ്രീംകോടതിയില്‍ വന്നാലും വാര്‍ത്തകള്‍ക്കൊടുവില്‍ വാദിഭാഗത്തായി കപില്‍ സിബല്‍ എന്ന പേരുണ്ടാകും. കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിട്ട് അര നൂറ്റാണ്ടാകുന്ന വര്‍ഷമാണ് പാര്‍ട്ടിയെ ഉപേക്ഷിക്കുന്നത്. കപില്‍ ഹൈക്കമാന്‍ഡിന് ദീര്‍ഘമായെഴുതിയ കത്ത് കണ്ടെന്നും അത് കാര്യമാത്രപ്രസക്തമാണെന്നും പറഞ്ഞത് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ മുസ്്‌ലിംകളോടൊപ്പം കേരളത്തിലടക്കം വന്നു, പ്രസംഗിച്ചു. പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും നോക്കി ‘ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ’ എന്നുവരെ ആക്രോശിച്ചു. പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ മരണംവരെയും താന്‍ ബി.ജെ.പിയിലേക്കില്ലെന്ന്‌സിബല്‍ പറയുന്നത് വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്.
എസ്.പിയുടെ പിന്തുണ മാത്രമാണുള്ളതെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും സിബല്‍ പറയുന്നതോടൊപ്പം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷികളെ ബി.ജെ.പിക്കെതിരായി അണിനിരത്താന്‍ മുന്‍കയ്യെടുക്കുമെന്നും സിബല്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിനോട് വിരോധമില്ലെന്നും സിബല്‍ ആണയിടുന്നു. ഇതൊക്കെയാണെങ്കിലും സ്വന്തമായി ഏതെങ്കിലുമൊരു സീറ്റില്‍നിന്ന് മത്സരിച്ച് എം.പിയാകാന്‍ ത്രാണിയില്ലാത്തയാളാണ് സിബലെന്നാണ് എതിരാളികള്‍ പറയുന്നത.് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടു നേടിയാണ് ഇതുവരെ രാജ്യസഭയിലേക്കെത്തിയത്. രാജ്യസഭാംഗത്വം പോയ പല നേതാക്കളും നേതൃത്വത്തിനെതിരെ വാളെടുക്കുമ്പോള്‍ സിബലും അതേ പാത തിരഞ്ഞെടുത്തതില്‍ അധികാരമോഹം കാണുന്നവരുമുണ്ട്്.
സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സിബലിന്റെ ബാന്ധവത്തിന് കാലപ്പഴക്കമുണ്ട്. വഞ്ചനാകേസില്‍ പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ അസംഖാന് ജാമ്യം വാങ്ങിക്കൊടുത്തതിലൂടെയാണ് അവരുമായി സിബല്‍ അടുക്കുന്നത്. 2020ല്‍ ശിക്ഷിക്കപ്പെട്ട ഖാന് മെയ് 19നാണ് ജാമ്യം ലഭിച്ചത്. അമ്മാവന്‍ ശിവപാലുമായുള്ള തര്‍ക്കത്തില്‍ എസ്.പിയുടെ ചിഹ്നമായ സൈക്കിള്‍ നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ നിലനിര്‍ത്തിക്കിട്ടാന്‍ അഖിലേഷിനുവേണ്ടി കോടതിയില്‍ പണിപ്പെട്ടതും സിബലാണ്. ലക്ഷങ്ങളാണ് സിറ്റിംഗ് ഫീയെന്നതിനാല്‍ പാര്‍ട്ടിയംഗമല്ലാത്തതിനാല്‍ ഇനിയും പണം വാങ്ങിത്തന്നെ സിബലിന് എസ്.പിക്കുവേണ്ടി വാദിക്കാം. അമര്‍സിംഗ് മരണപ്പെട്ട ഒഴിവില്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മുഖമാകാം, മോദി വിരുദ്ധ പോരാട്ടം തുടരാം.
പഞ്ചാബിലെ ജലന്ധറിലാണ് ജനനമെങ്കിലും 1970കള്‍ മുതല്‍ ഡല്‍ഹിയാണ് തട്ടകം. ഡല്‍ഹി, ഹര്‍വാഡ് സര്‍വകലാശാലകളില്‍ നിന്ന് നിയമ ബിരുദാനന്തര ബിരുദം. ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ 2006ല്‍ ശാസ്ത്രസാങ്കേതിക കാര്യമന്ത്രി. 2014 വരെ മാനവവിഭവശേഷി, വാര്‍ത്താവിനിമയം, നിയമവകുപ്പുകളും കൈകാര്യം ചെയ്തു. അഴിമതി നിരോധന നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഐ.ടി നിയമം എന്നിവയുടെ മുഖ്യശില്‍പികളിലൊരാള്‍. 1989ല്‍ അഡീ. സോളിസിറ്റര്‍ ജനറലായി. ഡല്‍ഹി ചാന്ദ്‌നിചൗക്കില്‍നിന്ന് 2004ലും 2009ലും വിജയിച്ചെങ്കിലും 2014ല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ബീഹാറില്‍ നിന്ന് 1998ലാണ് ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തുന്നത്. 2016 മുതല്‍ രാജ്യസഭാംഗം. രണ്ട് കവിതാസമാഹാരങ്ങളുണ്ട്. പ്രായം 73. നൈനയാണ് ഭാര്യ. രണ്ടുമക്കള്‍.