കോട്ടയം: കെ.എം.മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ സി.പി.ഐക്ക് കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ക്രിസ്ത്യന്‍ വിഭാഗത്തെ ഇടതുപക്ഷവുമായി അടുപ്പിക്കുന്നതിന് മാണിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറുകച്ചാലില്‍ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസിനെതിരെകൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്.അക്കാര്യം മറക്കാനാവില്ല. മാണിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് 1980-ല്‍ ഇ.കെ.നായനാര്‍ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് സി.പി.ഐക്കുമുള്ളത്.
ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്മ്യൂണിസ്റ്റ് നിലപാട്. സന്ദര്‍ഭത്തിനനുസരിച്ച് ആരുമായാണ് കൂട്ടുകൂടേണ്ടത്, ആരെയാണ് എതിര്‍ക്കേണ്ടത് എന്ന തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റുകാരന്റെ മികവ്. ആര്‍.എസ്.എസിനെയും ബി. ജെ.പിയെയും എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് കക്ഷികള്‍ക്ക് കഴിയണം. ഇന്നു നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക.തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്ന് കാനം ഓര്‍മ്മിപ്പിച്ചു. ബി. ജെ.പിയെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം ആവശ്യമാണ്.എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷം ദുര്‍ബലമാണ്. ബി.ജെ.പി ക്കെതിരായ പോരാട്ടത്തില്‍ ആരുടെയും ജാതകം നോക്കി വേര്‍തിരിക്കേണ്ട കാര്യമില്ല.
പലരെയും വേണ്ടന്ന് പറയുന്നതിനുമുമ്പ് ഇടതുപക്ഷത്തെ ഒരുമിച്ചുനിര്‍ത്താന്‍ കഴിയണം. സി.പി.ഐസ്വീകരിക്കുന്നനിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുമ്പോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ല. ചില സ്‌നേഹിതര്‍ സി.പി.ഐ ദുര്‍ബലപ്പെട്ടെന്ന് പ്രചരിപ്പിക്കുന്നു. സി. പി.ഐ ദുര്‍ബലമായാല്‍ ഇടതുമുന്നണി ശക്തമാകുമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും കാനം പറഞ്ഞു.
മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയാല്‍ സി.പി.ഐ എല്‍.ഡി.എഫില്‍ തുടരില്ല: കാനം
Tags: Kaanam Rajendrankm mani