ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ച് കെ.സുരേന്ദ്രന്‍. സുരേന്ദ്രന്‍ തന്നെ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ സാധിക്കില്ലെന്നാണ് സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
സുരേന്ദ്രന് പകരക്കാരനായി രാജീവ് ചന്ദ്രശേഖര്‍, എം. ടി രമേശ്, ശോഭ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. പി.എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി പോയ ഒഴിവിലാണ് 2020 ഫെബ്രുവരി 15 ന് കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായത്.
രണ്ട് ടേമുകളിലായി 5 വര്‍ഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കെ.സുരേന്ദ്രന്‍. സുരേന്ദ്രന്റെ 5 വര്‍ഷം ഒറ്റ ടേം ആയി പരിഗണിക്കണമെന്ന് സുരേന്ദ്രന്‍ പക്ഷവും, രണ്ട് ടേം ആയി കണക്കാക്കണമെന്ന് മറുപക്ഷവും വാദിക്കുന്നതിനിടയിലാണ് ഇനി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്.
എന്നാല്‍ തൃശൂര്‍ ലോക്‌സഭ സീറ്റ് ഉള്‍പ്പടെ ലഭിച്ച സാഹചര്യത്തില്‍ സുരേന്ദ്രന്‍ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പ്രസിഡന്റ് പദവി വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തുടരണമെന്ന് ആവശ്യപെട്ടാല്‍ പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ കൂടുതല്‍ ശക്തനാകും.
അതേസമയം സംഘടനക്ക് ഏറ്റവും വലിയ വളര്‍ച്ച ഉണ്ടായത് വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണെന്നും, മുരളീധരനെ വീണ്ടും അധ്യക്ഷനാക്കിയാല്‍ സംഘടന തലത്തില്‍ വലിയ വളര്‍ച്ച ഉണ്ടാക്കുമെന്നും പുനഃസംഘടന സംബന്ധിച്ച യോഗങ്ങളില്‍ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
ശോഭ സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. എം.ടി രമേശിന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നവരും ഉണ്ട്. അതേ സമയം, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ സംസ്ഥാന പ്രസിഡന്റായി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്.