കേരളത്തെ നെടുകെ കീറിമുറിക്കുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നതുമായ കേരള സെമിഹൈസ്പീഡ് റെയില്‍ (കെ.റെയില്‍) അഥവാ സില്‍വര്‍ ലൈനുമായി സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. മന്ത്രിസഭയുടെ അംഗീകാരത്തോടെ കേരളറെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.ആര്‍. ഡി.സി. എല്‍) ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്റേതെന്ന് പറയുന്നൊരു പാര്‍ട്ടിയും മുന്നണിയും ഭരിക്കുമ്പോള്‍ ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരെയും പൊതുവില്‍ മലയാളികളെയെല്ലാവരെയും പ്രതികൂലമായി ബാധിക്കുന്നൊരു വിഷയത്തില്‍ സര്‍ക്കാര്‍ എന്തിനിത്ര താല്‍പര്യം കാട്ടുന്നു എന്നതിനെക്കുറിച്ച് പലവിധ സംശയങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി വന്‍കിട കരാറുകള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രീതിയാണ് കെ.റെയിലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്നുവേണം വിശ്വസിക്കാന്‍. പദ്ധതി അപ്രായോഗികമാണെന്നും ഉടനടി ഇതില്‍നിന്ന്പിന്മാറണമെന്നുമാണ് യു.ഡി.എഫ് ഉപസമിതി ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ടിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്്‌ലിംലീഗ് നിയമസഭാക്ഷി ഉപനേതാവും മുന്‍മന്ത്രിയുമായ ഡോ. എം.കെ മുനീര്‍ കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ട് പദ്ധതിയുടെ അപ്രായോഗികതയും ഇതുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും അക്കമിട്ട് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും അതിനവര്‍ തയ്യാറാകുമോ എന്നാണ് ജനത ഇപ്പോള്‍ സാകൂതം കാത്തിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019ലാണ് സംസ്ഥാന സര്‍ക്കാര്‍ കെ.റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി പ്രഖ്യാപനം നടത്തിയത്. സാധാരണയായി രാജ്യത്ത് നടപ്പാക്കുന്ന റെയില്‍ വികസന പദ്ധതികളില്‍നിന്ന് ഭിന്നമായുള്ള പ്രത്യേക പദ്ധതിയായാണ് കെ.റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മറ്റു ട്രെയിനുകള്‍ക്കൊന്നും ഇതുവഴി സഞ്ചരിക്കാനാകില്ലെന്നതാണ് പദ്ധതിയുടെ പോരായ്മയെങ്കിലും അതിനെക്കാളേറെ ജനങ്ങളെയാകെ ആശങ്കപ്പെടുത്തിയിരിക്കുന്നത് പദ്ധതി നിര്‍വഹിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. വന്‍തോതില്‍ നിലവും കൃഷി ഭൂമിയും തണ്ണീര്‍ത്തടങ്ങളും നികത്തിയും മരങ്ങള്‍ വെട്ടിയും കുന്നുകള്‍ ഇടിച്ചുനിരപ്പാക്കിയുമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ പോകുന്നത്. നിരപ്പായ സ്ഥലങ്ങളില്‍ നാലു കിലോമീറ്റര്‍ വരെയാണ് റെയിലിന്റെ ഉയരമെങ്കില്‍ ചതുപ്പുകളില്‍ പത്തു മീറ്റര്‍ വരെ ഉയരത്തില്‍ മണ്ണു നികത്തി നിര്‍മിക്കേണ്ടിവരും. കിലോമീറ്ററിന് 8000 ലോഡ് മണ്ണ് വേണം. 63940 കോടി രൂപയാണ് കെ.ആര്‍.ഡി.സി.എല്‍ കണക്കുകൂട്ടിയ എസ്റ്റിമേറ്റെങ്കില്‍ അതിലുമെത്രയോ കോടി രൂപയാണ് പദ്ധതി പൂര്‍ത്തിയാക്കുമ്പോഴേക്ക് ചെലവഴിക്കേണ്ടിവരിക. നീതി ആയോഗിന്റെ കണക്കില്‍ ഇത് ഒരു ലക്ഷത്തിലധികം കോടിയായി വര്‍ധിക്കും. ഇത് സാധ്യമായാല്‍തന്നെയും ഭാവിയില്‍ അതിനായി കേരള ജനത മുടക്കേണ്ട പണമെത്രയാണെന്നാണ് അനുമാനിക്കേണ്ടത്. നിലവില്‍ ആളോഹരി അര ലക്ഷം രൂപയോളം കടമുള്ള മലയാളി ഈ പണം എവിടെനിന്നുകണ്ടെത്തും?
11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ.റെയിലിന് 11 സ്റ്റോപ്പുകളും 529.45 കിലോമീറ്റര്‍ നീളവുമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കാല്‍ലക്ഷം ഏക്കര്‍ ഭൂമിയെങ്കിലും ഇതിനായി ഏറ്റെടുക്കേണ്ടിവരും. ഇതില്‍ നിരപ്പായ പ്രദേശം ഇതിന്റെ വെറും പത്തു ശതമാനം മാത്രമാണ്. 292.73 കിലോമീറ്റര്‍ മണ്ണിട്ടു നികത്തുകയും 101.74 കിലോ മീറ്ററിലെ മരങ്ങള്‍ മുറിച്ചുകളയേണ്ടതായും വരും. കടകള്‍, വീടുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 9314 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുമ്പോള്‍ ഇരുപതിനായിരത്തിലധികം കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടിവരിക. ഇവരുടെ പുനരധിവാസത്തിനായി വലിയൊരു പ്രദേശവും കണ്ടെത്തേണ്ടതായും വരും. അതെവിടെയെന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. വിപണി വില കണക്കാക്കി നഷ്ടപരിഹാരം നല്‍കിയാല്‍ അതുകൊണ്ട് പകരം വീടും സ്ഥാപനങ്ങളും നിര്‍മിക്കാനാകുമോ. പാരിസ്ഥിതിക പഠനം വേണ്ടെന്നാണ് ഇതിനായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നത് എന്നത് പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പദ്ധതിയാണിതെന്നാണ്. സാമൂഹികാഘാതപഠനവും നടത്തിയിട്ടില്ല. ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് 1500 ഓളം രൂപയായിരിക്കുമെന്നതിനാല്‍ ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തെത്താന്‍ നിലവില്‍ 12 മണിക്കൂര്‍ വരെ വേണ്ടിവരുന്നുവെന്നതാണ് പദ്ധതിയെ പിന്തുണക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന ന്യായം. ഇതുതന്നെയാണ് നിലവിലെ റെയിലുകളുടെ സ്ഥലമെടുപ്പിനായി മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പറഞ്ഞുകൊണ്ടിരുന്നതും. വന്‍ തോതില്‍ സ്ഥലമെടുപ്പ് നടത്തിയും പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചുമാണ് പുതിയ ട്രാക്കുകള്‍ പണിയുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും സര്‍ക്കാരുകള്‍ ശ്രമിച്ചത്. എന്നിട്ടും ഇന്നും പതിറ്റാണ്ടുകള്‍ക്കുമുമ്പുള്ള അതേ അവസ്ഥയിലാണ് കേരളത്തിന്റെ റെയില്‍വെ സംവിധാനം. ട്രാക്കുകള്‍ വൈദ്യുതീകരിക്കുമ്പോള്‍ യാത്രാസമയം കുറയുമെന്ന് പറഞ്ഞിട്ടും യാതൊന്നും കാര്യമായി സംഭവിച്ചിട്ടില്ല. ദേശീയ പാതകളുടെ നവീകരണത്തിനായി പറഞ്ഞകാരണവും ഇതുതന്നെയായിരുന്നു. കെ.റെയിലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സര്‍ക്കാരുകളും ഉദ്യോഗസ്ഥരും കരാറുകാരും കാരണം പറയുന്നത്. കാസര്‍കോടുനിന്ന് നാലുമണിക്കൂറുകൊണ്ട് തിരുവനന്തപുരത്തെത്തുമെന്നാണ ്‌കെ. റെയിലിന്റെ അനുകൂലികള്‍ പറയുന്നത്. വെറും ഭൗതിക മൂല്യങ്ങള്‍ക്കപ്പുറം പാരിസ്ഥിതികമായി നാമറിയാതെയും കണക്കുകൂട്ടാതെയും പോകുന്ന പരിസ്ഥിതിയുടെ നാശത്തിന് എത്ര വിലയാണ് കൊടുക്കേണ്ടിവരിക. ഇപ്പോള്‍തന്നെ കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന തരത്തില്‍ വന്‍തോതില്‍ വന-കൃഷി ഭൂമി കയ്യേറ്റവും നികത്തലും നടന്നുകൊണ്ടിരിക്കുകയാണ്. മണ്ണൊലിപ്പുമൂലം മഴക്കാലത്ത് വലിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടാകുകയും നിരവധി മനുഷ്യര്‍ക്ക് ജീവനും കിടപ്പാടവും സ്വത്തുക്കളും കൃഷിയും വരുമാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. 30 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്‍പ്പെടെ 1.5 ഡിഗ്രിസെല്‍ഷ്യസ് താപം വര്‍ധിക്കുമെന്നും 10 സെ.മീറ്ററോളം കടല്‍ കയറുമെന്നൊക്കെ പഠനങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇവരുടെ പുനരധിവാസവും വലിയ വെല്ലുവിളിയാകും. കെ.റെയില്‍ പദ്ധതിക്കെതിരെ വലിയതോതിലുള്ള പ്രക്ഷോഭത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കവെ പ്രതിപക്ഷത്തിന്റെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്ത് സര്‍ക്കാര്‍ ഉടന്‍ പിന്മാറുകയാണ് വേണ്ടത്. പകരം നിര്‍ദിഷ്ട ജലപാതാ നിര്‍മാണവും നിലവിലെ റെയില്‍പാത ഉപയോഗപ്പെടുത്തി വേഗതകൂടിയ ട്രെയിനുകള്‍ സംവിധാനിച്ചും കുറഞ്ഞദൂരത്തേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും ആലോചിക്കുകയാണ് ചെയ്യേണ്ടത്.