X

അഴിമതി: കെ.ടി ജലീലിന്റെ വകുപ്പ് മുന്നിലെന്ന് വിജിലന്‍സ് സര്‍വേ

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി വ്യാപ്തി പരിശോധിക്കുന്നതിന് വിജിലന്‍സ് നടത്തിയ സര്‍വേയില്‍ മന്ത്രി കെ.ടി ജലീലിന്റെ തദ്ദേശഭരണ വകുപ്പ് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34 ശതമാനവും തദ്ദേശവകുപ്പിലാണ് നടക്കുന്നതെന്നാണ് സര്‍വേയില്‍ പറയുന്നത്. റവന്യൂ, പൊതുമരാമത്ത് വകുപ്പുകളാണ് അഴിമതിയുടെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 9.24 ശതമാനമാണ് റവന്യൂ വകുപ്പിലെ അഴിമതി. പൊതുമരാമത്തിലാവട്ടെ 5.32 ശതമാനവും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലും അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 4.66 ശതമാനമാണ് പൊലീസ് വകുപ്പിലെ അഴിമതി. അതായത് പട്ടികയിലെ ഏഴാം സ്ഥാനം. ഏറ്റവും കുറവ് അഴിമതി നടക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലാണ്. മൊത്തം അഴിമതിയുടെ 0.22 ശതമാനം മാത്രമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ കണക്ക്. സംസ്ഥാനത്തെ 61 വകുപ്പുകളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിജിലന്‍സിന് ലഭിച്ച പരാതികളുടെയും ഓണ്‍ലൈന്‍ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു സര്‍വേ. അടിസ്ഥാന സൗകര്യ വികസത്തിന്റെ ഭാഗമായി നിലകൊള്ളേണ്ട വകുപ്പിലെ അഴിമതി ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
അഴിമതി കണക്കുകള്‍ വകുപ്പുകള്‍ തിരിച്ച്:

തദ്ദേശം – 10.34
റവന്യൂ – 9.24
പൊതുമരാമത്ത് – 5.32
ആഭ്യന്തരം – 4.66
കൃഷി – 2.50
ഭക്ഷ്യസുരക്ഷ – 2.23
ഫിഷറീസ് – 1.01
യുവജനക്ഷേമം – 0.88
ഇന്‍ഷൂറന്‍സ് – 0.62
നിയമം – 0.59
വ്യവസായം – 0.44
തെരഞ്ഞെടുപ്പ് – 0.41
ഐ.ടി – .22

chandrika: