X

സമന്‍സ് മാറി നല്‍കിയതെന്ന വിചിത്ര വാദവുമായി കെ സുരേന്ദ്രന്‍

കണ്ണൂര്‍: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പി ബി അബ്ദുറസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ എതിര്‍ സ്ഥാനാര്‍ത്ഥിയും ബി ജെ പി നേതാവുമായ കെ സുരേന്ദ്രന്‍ വിചിത്ര വാദവുമായി രംഗത്ത്. മരിച്ചവരുടെ ലിസ്റ്റിലുള്ളവര്‍ സമന്‍സ് കൈപ്പറ്റിയതിനെ ന്യായീകരിച്ചാണ് കെ സുരേന്ദ്രന്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.ഒരേ പേരിലുള്ള നിരവധി പേരുണ്ടാവാമെന്നും ഇത്തരത്തില്‍ പേര് മാറിയാണ് സമന്‍സ് എത്തിച്ചതെന്നുമാണ് സുരേന്ദ്രന്‍ വാദിക്കുന്നത്. സമന്‍സ് നല്‍കാനെത്തിയവരെ തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരിലെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ളവരും മരിച്ചവരും യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തുവെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. ഇതേ തുടര്‍ന്ന് 259 വോട്ടര്‍മാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താന്‍ കോടതി സമന്‍സയച്ചിരുന്നു. എന്നാല്‍ സമന്‍സ് അയക്കുന്നത് ഇത്ര ലാഘവത്തോടെയാണോ എന്നാണ് പൊതുജനങ്ങളുടെ ചോദ്യം. പേരും മേല്‍വിലാസവും വയസുമെല്ലാം യോജിക്കുമോയെന്നും ജനങ്ങള്‍ ചോദിക്കുന്നു. മരിച്ചവരുടെ ലിസ്റ്റിലുണ്ടായിരുന്ന വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹമ്മദ് കുഞ്ഞി, മംഗല്‍പ്പാടി ഉപ്പളഗേറ്റ് സ്വദേശി അബ്ദുല്ല, കുമ്പള പഞ്ചായത്തിലെ ഇച്ചിലമ്പാടി ബംബ്രാണിയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ എന്നിവര്‍ സമന്‍സ് കൈപറ്റിയിരുന്നു. വിദേശത്തായിരുന്നുവെന്ന് പറഞ്ഞ അനസ് വോട്ട് രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

വിദേശത്തുള്ളവര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന വാദത്തിനും ന്യായീകരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. വോട്ടെടുപ്പ് സമയത്ത് വിദേശത്തുള്ളവര്‍ സ്ഥിരമായി വിദേശത്തായിരിക്കണമെന്നില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വോര്‍ക്കാടി ബാക്രബയലിലെ അനസിന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അനസ് പാസ്‌പോര്‍ട്ട് എടുത്തതല്ലാതെ ഇതുവരെയും വിദേശയാത്ര പോയിരുന്നില്ല. നിരപരാധികളായവരെ കുടുക്കുന്ന കെ സുരേന്ദ്രന്റെ നീക്കത്തിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.

chandrika: