X

അനുനയിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശോഭ സുരേന്ദ്രന്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ വിഭാഗീയത മാധ്യമ സൃഷ്ടിയാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘ശോഭ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അവര്‍ എങ്ങോട്ടും പോകില്ല. പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കും. ഭാരവാഹിയാകാന്‍ യോഗ്യരായ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ബിജെപി ഒരു കുടുംബമാണ്’ – അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും ജനം പ്രഹിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ, തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് താന്‍ ബിജെപിയിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും ആരോപണങ്ങളെ ചിരിച്ചുകൊണ്ട് നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള വിയോജിപ്പുകള്‍ പരസ്യമാക്കിയതിന് പിന്നാലെ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Test User: