X
    Categories: keralaNews

ജനം ടിവി ബിജെപി ചാനലല്ലെന്ന് കെ.സുരേന്ദ്രന്‍; ചാനല്‍ തുടങ്ങിയപ്പോള്‍ പറഞ്ഞത് ജനം ടിവി പ്രതീക്ഷയുടെ കിരണമാണെന്ന്

കോഴിക്കോട്: ജനം ടിവി ബിജെപി ചാനലല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജനം ടിവി എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുരേന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചത്. ജനം ബിജെപി ചാനലല്ല, അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ കുറിച്ച് അറിയുകയുമില്ല എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

എന്നാല്‍ ജനം ടിവി പ്രക്ഷേപണം തുടങ്ങിയ 2015 ഏപ്രില്‍ 19ന് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഇത് സ്വപ്‌ന സാഫല്യമാണ് എന്നായിരുന്നത്. ‘ജനം ടിവിക്ക് ഞാന്‍ ഹൃദംഗമമായ ആശംസകളറിയിക്കുന്നു. ബിജെപിയും സഘപരിവാറും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. ഏറെക്കാലമായി കാത്തിരിക്കുന്ന ജനം ടിവി പ്രക്ഷേപണം ആരംഭിക്കുന്നത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നതാണ്’-ഇതായിരുന്നു സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ്.

എഡിറ്റര്‍ കുടുങ്ങിയതോടെ ചാനലിനെ തന്നെ തള്ളിപ്പറഞ്ഞ സുരേന്ദ്രനെതിരെ ബിജെപിക്കകത്തും പ്രതിഷേധമുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ മൊത്തം ഉത്തരവാദിത്തവും മുസ്‌ലിം സമുദായത്തിന്റെ തലയില്‍ ചാര്‍ത്താറുള്ള ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന് സ്വന്തം ചാനല്‍ എഡിറ്റര്‍ തന്നെ സ്വര്‍ണക്കടത്തില്‍ കുടുങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാനാണ് സുരേന്ദ്രന്‍ തന്നെ ചാനലിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. അതിനിടെയാണ് സുരേന്ദ്രന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: