തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കാന്‍ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതായുള്ള ആരോപണത്തിന് പിന്നാലെ മുന്‍ നിലപാടുകള്‍ ഓര്‍മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍. നോട്ടുനിരോധന കാലത്ത് കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കാനായി സുരേന്ദ്രന്‍ ഉന്നയിച്ച പ്രധാന വാദം കള്ളപ്പണം പിടികൂടാന്‍ ആണെന്നായിരുന്നു.
ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ കഴിയാത്തവരാണ് നോട്ടുനിരോധനത്തെ എതിര്‍ക്കുന്നവരെന്നും സഹകരണ ബാങ്കില്‍ മുഴുവന്‍ കള്ളപ്പണമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പുറമേ കുഴല്‍പ്പണം അടക്കമുള്ളമവയുടെ വരവ് നോട്ട് നിരോധനത്തോടെ അവസാനിച്ചെന്നും ബി.ജെ.പി നേതാക്കള്‍ പലപ്പോഴായി ഉന്നയിച്ചിരുന്നു. എന്നാല്‍ കുഴല്‍പ്പണക്കേസ് അടക്കമുള്ള ആരോപണങ്ങള്‍ ബി.ജെ.പി നേതാക്കളിലേക്ക് നീണ്ടതോടെ ബി.ജെ.പിയെ പ്രതിനോധത്തിലാക്കിയിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തിലാണ് ജാനു ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആദ്യം പത്ത് കോടിയാണ് ജാനു ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ച സുരേന്ദ്രന്‍ തിരുരവനന്തപുരത്ത് വെച്ച് പിന്നീട് പത്ത് ലക്ഷം സി.കെ. ജാനുവിന് നല്‍കുകയായിരുന്നുവെന്നും ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡും പുറത്ത് വന്നിട്ടുണ്ട്.