മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 19 വയസ്സുള്ള കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടിടുന്ന ഗുണ്ടകളുള്ള നാടായി കേരളത്തെ പിണറായി വിജയന്റെ ഭരണം വളര്‍ത്തിയിരിക്കുന്നു എന്നാണ് സുധാകരന്റെ വിമര്‍ശനം. ഇത് എത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നതെന്നും സുധാകരന്‍ തുറന്നടിച്ചു. ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് സുധാകരന്റെ പ്രതികരണം. ഷാന്‍ എന്ന ചെറുപ്പക്കാരനെ ഗുണ്ടകള്‍ കൂട്ടിക്കൊണ്ടു പോയ കാര്യം അമ്മ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവരെ എന്തിനാണ് പുറത്ത് വിടുന്നതെന്ന കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ലെന്നും ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യം ജനങ്ങളില്‍ നിന്നുയരുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കൊടി സുനിയെയും കിര്‍മാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ പുറത്തിറക്കി വിട്ടിരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ കൊലപാതകിയെയും ജയിലില്‍ നിന്ന് വിട്ടയച്ചതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നെന്നും സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും, സിപിഎമ്മിന്റെ ഒത്താശയും തെരുവിലിറങ്ങി നാട്ടുകാരെ വിറപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് ഇന്ധനമാകുന്നുണ്ടെന്ന് പറഞ്ഞ സുധാകരന്‍ അരാജകത്വം വിളയാടുന്ന കേരളത്തില്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഓര്‍മപ്പെടുത്തി.