തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അതീവ സ്ഫോടാനാത്മകമായ സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനും എസ്എഫ്ഐ കുറ്റവാളികളെ ഒളിപ്പിക്കുന്നതിലുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
കേരളത്തിലെ സാഹചര്യം അതീവഗുരുതരം എന്നാണ് തദ്ദേശമന്ത്രി എംബി രാജേഷ് ഒരാഴ്ചമുമ്പു പറഞ്ഞത്. തെരുവ്നായക്കള്‍ക്കെതിരേ കര്‍മപദ്ധതി, സുപ്രീംകോടതിയില്‍ അപ്പീല്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട്, മുഖ്യമന്ത്രിയുമായി ചര്‍ച്ച, വളര്‍ത്തുനായക്കള്‍ക്ക് രജിസ്ട്രേഷന്‍ തുടങ്ങിയ മന്ത്രിയുടെ വീരസ്യങ്ങള്‍ക്കൊടുവില്‍ പവനായി ശവമായി എന്നതാണ് അവസ്ഥ. കണ്ണൂര്‍ മുഴപ്പിലങ്ങാടിയില്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിന്റെ തൊട്ടടുത്താണ് ജാന്‍വിയ എന്ന 9 കാരിയെയും ഇതേ നായ്ക്കള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. നിഹാലിന്റെ വീട്ടില്‍ കഴിഞ്ഞ സന്ദര്‍ശനം നടത്തിയ താന്‍ കരളുരുകുന്ന കാഴ്ചകളാണ് കണ്ടതെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും സമാനമായ കാഴ്ചകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്. നിയമപരമായ പ്രശ്രനങ്ങളുണ്ടെങ്കില്‍ അതിന് നിയമപരമായ പരിഹാരവുമുണ്ട്. കയ്യുംകെട്ടിയിരുന്നാല്‍ പരിഹാരം മന്ത്രിയെ തേടിവരില്ല. വിദേശയാത്രയില്‍ ഹരംപിടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ മാത്രമേ താത്പര്യമുള്ളു. ഇത്രയും സങ്കീര്‍ണവും ഗുരുതരവുമായ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗമോ, സര്‍വകക്ഷി യോഗമോ വിളിച്ചിട്ടില്ല.
കേരളത്തില്‍ തെരുവുനായക്കളുടെ കടിയേല്ക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും പെരുക്കുകയാണ്. 2017- 1.35 ലക്ഷം, 2018- 1.48 ലക്ഷം, 2019- 1.61 ലക്ഷം, 2020- 1.60 ലക്ഷം, 2021- 2.21 ലക്ഷം, 2022- 2.34 ലക്ഷം എന്നിങ്ങനെയാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-22ല്‍ 5.71 ലക്ഷം പേര്‍ക്ക് കേരളത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടി വന്നെന്ന് ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ചൂണ്ടിക്കാട്ടുന്നു. 2021ല്‍ 21 പേരെ തെരുവുനായക്കള്‍ കടിച്ചുകീറി കൊന്നപ്പോള്‍ 2022ല്‍ 23 പേര്‍ കൊല്ലപ്പെട്ടു.
നഗരപ്രദേശങ്ങളില്‍ തെരുവുനായക്കളാണെങ്കില്‍ ഗ്രാമങ്ങളില്‍ വന്യമൃഗ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാനത്ത് 2020-21ല്‍ വന്യജീവി ആക്രമണത്തില്‍ 88 പേര്‍ മരിച്ചപ്പോള്‍ 988 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കെതിരേ ഇത്രയും വലിയ ആക്രമണം നടക്കുമ്പോള്‍ എങ്ങനെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്നത് മനുഷ്യസ്നേഹിക്കളെ അമ്പരപ്പിക്കുന്നുവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.