X

സിപിഎം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കെ സുധാകരന്‍

മതവിശ്വാസങ്ങളിന്മേലുള്ള നഗ്‌നമായ കൈയേറ്റമാണ് തട്ടം പരാമര്‍ശത്തിലൂടെ സിപിഎം നടത്തിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. വിശ്വാസകാര്യങ്ങളില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാടുകള്‍ പാലും തേനും പോലെ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിത്. തട്ടം ഒഴിവാക്കണമെന്ന് വാദിക്കുന്ന സിപിഎമ്മും ഹിജാബ് നിരോധിച്ച ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഉള്‍ക്കൊള്ളാന്‍ ബിജെപിക്കും സിപിഎമ്മിനും സാധിക്കില്ല.

പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറും അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് സിപിഎം സെക്രട്ടറി എംവി ഗോവന്ദനും രംഗത്തുവന്നെങ്കിലും അതുണ്ടാക്കിയ മുറിപ്പാടുകള്‍ അവശേഷിക്കുകയാണ്. ഇത്തരം നിലപാടുകാര്‍ക്കെതിരേ സിപിഎം തിരുത്തല്‍ നടപടി സ്വീകരിക്കുമോയെന്നാണ് കേരളീയ സമൂഹത്തിന് അറിയേണ്ടത്. ഗണപതിയെ മിത്തെന്ന് വിശേഷിപ്പിച്ചും നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേയും ശബരിമല വിശ്വാസ സംരക്ഷകര്‍ക്കെതിരെയും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തും സിപിഎം അസഹിഷ്ണുത പലതവണ പുറത്തുവന്നിട്ടുണ്ട്.

വിശ്വാസസ്വാതന്ത്ര്യവും വസ്ത്രധാരണസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളാണ്. അതിന്മേല്‍ തൊട്ടുകളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈകടത്തുന്നതും അഭിപ്രായം പറയുന്നതും സൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കും. സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്ന വിഷയങ്ങളില്‍ നിന്ന് അകലം പാലിക്കാനുള്ള വിവേകവും നൈതികതയും പൊതുപ്രവര്‍ത്തകര്‍ കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

webdesk14: