സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കെ റെയില്‍ പദ്ധതിക്കെതിരായി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കയ്യേറ്റം നടത്താന്‍ അവസരം സൃഷ്ടിക്കുകയാണ് പോലീസ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു. കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി കൊണ്ടും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നും പ്രകോപനം ഉണ്ടാക്കിയ സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകളെ സംരക്ഷിക്കുകയാണ് പൊലീസെന്നും
സുധാകരന്‍ കുറ്റപ്പെടുത്തി.
ജനാധിപത്യത്തില്‍ പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ജനാധിപത്യബോധം തൊട്ടുതീണ്ടാത്ത സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണെന്നും സുധാകരന്‍ പറഞ്ഞു. സംഭവം തടയാന്‍ പൊലീസ് ഉത്തരവാദിത്തപ്പെട്ടവരാണെന്നും എന്നാല്‍ അവര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സി.പി.ഐ.എം ഗുണ്ടകളുടെ അക്രമങ്ങള്‍ക്ക് കൊടിപിടിക്കാനാണ് പോലീസ് തീരുമാനമെങ്കില്‍ അത് കയ്യും കെട്ടി കോണ്‍ഗ്രസ് നോക്കി നില്‍ക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റം ചെയ്തവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് കണ്ണൂരില്‍ കെ റെയില്‍ പദ്ധതിയുടെ വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പോലീസ് നോക്കിനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വിനേഷ് ചുള്ളിയാന്‍, പ്രിനില്‍ മതുക്കോത്ത്, യഹിയ, ജെറിന്‍ ആന്റണി തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. മന്ത്രി എംവി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയത്.