X

കോണ്‍ഗ്രസിനെ ചലിക്കുന്ന സംഘടനയാക്കുമെന്ന് കെ.സുധാകരന്‍

 

തിരുവനന്തപുരം: സെമികേഡര്‍ സ്വഭാവത്തിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാതെ കേരളത്തിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്‍. ഇടതുമുന്നണിയും എന്‍.ഡി.എയും ഫാസിസ്റ്റ് ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജനക്കൂട്ട ശൈലിയാണ് കോണ്‍ഗ്രസിന്റേത്. ഈ രീതി മാറിയെങ്കില്‍ മാത്രമേ യുവജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സംഘടനക്ക് കഴിയൂ. ജനങ്ങളുടെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ടാകണം. തുരുമ്പെടുതത്ത സംഘടനാ സംവിധാനത്തിന് പകരം ബൂത്ത് തലം മുതല്‍ ചലിക്കുന്ന സംഘടനയാക്കി കോണ്‍ഗ്രസിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
ജനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് അകലുന്നുണ്ടോയെന്ന് സ്വയംവിമര്‍ശനം നടത്തും. കോണ്‍ഗ്രസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കിലും തിരുത്തും. കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരും. നിലവിലുള്ള സംഘടനാ സംവിധാനം പൂര്‍ണമല്ല. കാര്യക്ഷമതയും ഉത്തരവാദിത്തവുമില്ലാത്ത നിരവധി നേതാക്കള്‍ പ്രധാന പദവികളിലിരിക്കുന്നുണ്ട്. കെ.പി.സി.സി പുനസംഘടനയില്‍ ഇത്തരക്കാരെ ഒഴിവാക്കുമ്പോള്‍ തന്നെ മാറ്റമുണ്ടാകും. ഭാരവാഹികളുടെ എണ്ണം കുറച്ച് കാര്യക്ഷമത വര്‍ധിപ്പിക്കും. കോണ്‍ഗ്രസിന്റെ മതേതര ബോധത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഭരണ സ്വാധീനവും അധികാര ദുര്‍വിനിയോഗവും ഉണ്ടായതിനാലാണ് കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിലും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിലും ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു.

chandrika: