X

നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയരുന്നതില്‍ പിണറായി വിജയന് ആശങ്കയെന്ന് കെ.സുധാകരന്‍ എം.പി

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയരുന്നതില്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എന്തിനാണിത്ര ആശങ്കയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് പോരാഞ്ഞിട്ടാണോ പിണറായി വിജയന്റെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനധികൃതമായി കരുതല്‍ തടങ്കലില്‍ അടച്ചത്. കൊച്ചിയില്‍ ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളെയാണ് കൊച്ചുവെളുപ്പാംകാലത്ത് വീട്ടില്‍ നിന്നും മറ്റും പിടികൂടി തടങ്കലിലാക്കിയത്. അതിനുതക്ക എന്തുകുറ്റകൃത്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്. മോദി ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാല്‍ പിണറായി വിജയന്റെ പോലീസ് ഓട്ടിച്ച് പിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദിക്കാന്‍ ഇട്ടുകൊടുക്കുകയാണ്. മോദിയുടെ ജനാധിപത്യ വിരുദ്ധ ചെയ്തികളെ പരസ്യമായി ചോദ്യം ചെയ്യാനുള്ള ശേഷിപോലും സിപിഎമ്മിന് നഷ്ടമായി.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ മോദിക്കും പിണറായിക്കും പ്രതിഷേധക്കാരെ കാണുന്നത് ചതുര്‍ത്ഥിയാണ്. ഇരുവരും പുറത്തിറങ്ങിയാല്‍ പൊതുജനവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ദികളാണ്. മറ്റൊരു സംസ്ഥാനത്തേയും മുഖ്യമന്ത്രിമാര്‍ കാട്ടാത്ത മോദി പ്രീണനമാണ് കേരള മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി അധ്യക്ഷനെയും സംഘപരിവാര്‍ നേതാക്കളെയും രക്ഷിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ നട്ടെലില്ലാത്ത പോലീസും മോദിയെ സുഖിപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടാനാണ് ഭാവമെങ്കില്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല.അധികാര ഗര്‍വ്വിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതുന്നെങ്കില്‍ വ്യാമോഹം മാത്രമാണത് . പോലീസിന്റെ തിണ്ണമിടുക്ക് കാട്ടാനുള്ള ഗോദയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയാല്‍ അതില്‍ നിന്നുണ്ടാക്കുന്ന പ്രതിഷേധാഗ്‌നി തടത്തുനിര്‍ത്താനുള്ള ശേഷി കേരളത്തിലെ പോലീസിനോ സിപിഎം-ബിജെപി സഖ്യത്തിനോ ഉണ്ടാകില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

webdesk11: