X

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ഭായി ഭായിയായി പ്രവര്‍ത്തിച്ചെന്ന് കെ.സുധാകരന്‍ എംപി

കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഭായി ഭായിയായി പ്രവര്‍ത്തിച്ചാണ് കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിച്ച് കുഴിച്ചുമൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പിണറായി വിജയന്റെ പോലീസും മോദിയുടെ അന്വേഷണ ഏജന്‍സിയും കൈകോര്‍ത്തതോടെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെത്തിച്ച മൂന്നരക്കോടിയുടെ കുഴല്‍പ്പണക്കേസ് ആവിയായിപ്പോയി. പരാതിക്കാധാരമായ മൂന്നരക്കോടിയില്‍ ഒന്നരക്കോടി രണ്ടുവര്‍ഷത്തോളം പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല.അതോടെ കേസ് വളരെ ദുര്‍ബലമായി. കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താനും ഒന്നരക്കോടി പിടികൂടാനുമുള്ള കാര്യശേഷി കേരള പോലീസിന് ഇല്ലാഞ്ഞിട്ടല്ല അത് സാധിക്കാതെ പോയതെന്ന് സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസിലാകും. ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവെയ്ക്കുന്നതിലൂടെ ബിജെപിയുടെ മുഖം രക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വര്‍ധിച്ചുയെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍കേസിലും ആരോപണവിധേയനായ മുഖ്യമന്ത്രിക്ക് കിട്ടിയ ബോണസായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രതിസ്ഥാനത്ത് എത്തിയ കൊടകര കുഴല്‍പ്പണക്കേസ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈ കേസിന്റെ അന്വേഷണം നിലച്ചത് ഒട്ടും യാദൃശ്ചികമല്ല. തെളിവില്ലാത്ത കൈക്കൂലി ആരോപണത്തിന്റെ പേരില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയെ കുടുക്കാന്‍ ശ്രമിച്ച പിണറായി വിജയന്റെ പോലീസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായകേസ് അന്വേഷിക്കാന്‍ കാട്ടിയ താല്‍പ്പര്യക്കുറവില്‍ നിന്നു തന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ നേര്‍ചിത്രമാണ് തെളിഞ്ഞത്.

കേസ് അട്ടിമറിച്ച് ബിജെപിയുടെ പ്രതിച്ഛായ സംരക്ഷിച്ച പിണറായി വിജയനോടുള്ള മോദിയും കൂട്ടരുടെയും കടപ്പാട് സ്വര്‍ണ്ണക്കടത്ത്,ലൈഫ് മിഷന്‍ കേസുകളില്‍ കേരളം കണ്ടതാണ്.ലൈഫ് മിഷന്‍കേസിലെ ഉള്‍പ്പെടെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഹൈക്കോടതിക്ക് വരെ ബോധ്യപ്പെട്ടിട്ടും മോദിയുടെയും അമിത് ഷായുടെയും കളിപ്പാവകളായ അന്വേഷണ ഏജന്‍സികള്‍ക്ക് പിണറായി വിജയന് മേല്‍ സംശയത്തിന്റെ കണികപോലും തോന്നാത്തത് കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താതിരുന്നതിനുള്ള ഉപകാരസ്മരണയായി സംശയിച്ചാല്‍ കുറ്റംപറയാനാകില്ല.

പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയാകട്ടെ സ്വര്‍ണ്ണക്കടത്ത് കേസിലും കൊടകര കുഴല്‍പ്പണക്കേസിലും നിര്‍വീര്യമായത് മോദി -പിണറായി കൂട്ടുകെട്ടിന്റെ സ്വാധീനത്താലാണ്. അതിലൂടെ പിണറായി വിജയനെയും കെ.സുരേന്ദ്രനെയും ഒരുപോലെ രക്ഷിക്കാന്‍ സിപിഎമ്മിനും ബിജെപിക്കും സാധിച്ചു. ബിജെപിക്കെതിരായ നിലപാടില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയും സിപിഎമ്മും വെള്ളം ചേര്‍ക്കുന്നുയെന്നതിന് ഉദാഹരണം കൂടിയാണ് കൊടകര കുഴല്‍പ്പണക്കേസെന്നും സുധാകരന്‍ പറഞ്ഞു.

webdesk11: