കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിര്‍ബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കമ്മിഷന്‍ കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ അധഃപതിച്ചിട്ട് കാലം കുറെയായെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റുവഴിയാണ് പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘കമഴ്ന്നു വീണാല്‍ കാല്‍പ്പണം ‘എന്നൊരു നാട്ടുചൊല്ലുണ്ട് , കേരളത്തിന്റെ പല പ്രദേശങ്ങളിലും. അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി അദ്ദേഹത്തിന് നിര്‍ബന്ധമാണ്.
ഓരോ പ്രവര്‍ത്തികളിലൂടെയും പിണറായി വിജയന്‍ ജനങ്ങളോട് വിളിച്ചു പറയുകയാണ്, ‘ഉറപ്പാണ് അഴിമതി’ എന്ന്. ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു പദ്ധതിയും കൊണ്ടുവരാന്‍ ചിന്തിക്കുക പോലും ചെയ്യാത്ത പിണറായി വിജയന്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ പ്രബുദ്ധ കേരളം അഴിമതി സംശയിച്ചതാണ്.
72 കോടി രൂപയ്ക്ക് നടക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ ഇരുനൂറ്റി മുപ്പത് കോടിയോളം രൂപയ്ക്കാണ് കരാര്‍ ആയിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് ഗുരുതരമായ അഴിമതി തന്നെയാണ്. എപ്പോളാണ് ടെന്‍ഡര്‍ വിളിച്ചതെന്നും ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വകുപ്പ് മന്ത്രി ഉരുണ്ടുകളിക്കുകയാണ് ചെയ്തത്.
കമ്മീഷന്‍ കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ അധ:പതിച്ചിട്ട് കാലം കുറെയായി. അവസരം കിട്ടിയാല്‍ കേരളത്തെ മുഴുവനായി അളന്നു വില്‍ക്കാനും മടിയില്ലാത്ത വെറും കച്ചവടക്കാരന്‍ ആണ് പിണറായി വിജയന്‍ . എ ഐ ക്യാമറ ഇടപാടുകളും അന്വേഷിച്ചു ചെന്നാല്‍ ‘ഹോണറബിള്‍ ‘ കുടുംബത്തില്‍ തന്നെ ചെന്നു നില്‍ക്കുമെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നുണ്ട്.
അഴിമതി പിടിക്കേണ്ട നിയമ സംവിധാനങ്ങള്‍ പോലും പിണറായി വിജയന്റെ വിരുന്നിന്റെ ആലസ്യത്തില്‍ കഴിയുന്ന കാലമാണ്. ഈ അഴിമതിയും സ്വന്തം പാര്‍ട്ടിയെക്കൊണ്ട് അന്വേഷിക്കാം എന്ന് സിപിഎം കരുതേണ്ട . ജനങ്ങളെ കൊള്ളയടിക്കാന്‍ പിണറായി വിജയന്‍ കൊണ്ടുവന്ന ഈ പദ്ധതിയിലെ തട്ടിപ്പില്‍ സുതാര്യമായി അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം .