X

പെരിയ ഇരട്ടക്കൊലപാതകം: മൂടിവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ വരട്ടെയെന്ന് കെ. സുധാകരന്‍

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മൂടിവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ. സുധാകരന്‍. സ്വതന്ത്ര അന്വേഷണ ഏജന്‍സി വരാതെ ഈ കേസ് ഒരിക്കലും തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബിനെ കൊന്നപ്പോള്‍ ആ ശരീരത്തിലുണ്ടായ വെട്ടും കല്ല്യോട്ടെ യുവാക്കളുടെ ശരീരത്തിലെ വെട്ടും സമാനതകളുള്ളതാണ്. വെട്ടുകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അറിയുന്ന പൊലീസ് ഓഫീസര്‍മാരോട് കാസര്‍കോട് നിന്ന് മാറിക്കോളാന്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍നിന്ന് പൊയ്ക്കോളാനും അവര്‍ പറഞ്ഞു.

ഷുഹൈബിന്റെ കൊലയാളി സംഘത്തില്‍പ്പെട്ട ആരോ ഒരാള്‍ കല്ല്യോട്ട് കൊലപാതകത്തിലും ഉണ്ട്. വെട്ടുകള്‍ കണ്ടാല്‍ അത് തിരിച്ചറിയാം. മഴു കൊണ്ടാണ് കൃപേഷിനേയും ശരത്തിനെയും വെട്ടിയത്. അല്ലാതെ അത്രയും ഡീപ്പായി ഉള്ളിലോട്ട്പോകില്ല. ആരോ കൊണ്ടുവച്ച തുരുമ്പിച്ച വാളല്ലേ പൊലീസ് പുറത്തെടുത്തു കാണിച്ചത്. കൃപേഷിനേയും ശരത്തിനേയും കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നത് വരെ കോണ്‍ഗ്രസ് വെറുതെയിരിക്കുമെന്ന് ആരും സ്വപ്‌നം കാണേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

കോടിയേരിയും പിണറായിയും പ്രതികളെ സഹായിക്കില്ല, പാര്‍ട്ടിയുടെ പരിരക്ഷ കിട്ടില്ല എന്നുപറഞ്ഞിട്ട് കാസര്‍കോട്ടെ എം.പിയും എം.എല്‍.എയും അടക്കമുള്ള സി.പി.എമ്മുകാര്‍ എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടില്‍പോയതെന്നും സുധാകരന്‍ ചോദിച്ചു. ഞങ്ങളുടെ രണ്ടു പ്രവര്‍ത്തകരെ താലിബാന്‍ ഭീകരന്മാരെ കടത്തിവെട്ടും വിധം വെട്ടിനുറുക്കിയ സംഭവത്തിന് ഉന്നതര്‍ പലരും ഒത്താശ ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ഗുണ്ടകളും ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ പൊലീസ് അതെല്ലാം വിഴുങ്ങിയെന്നും കെ സുധാകരന്‍ ആരോപിച്ചു.

chandrika: