കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് നിയുക്ത കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. താന്‍ അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഇനിയും ഒരുപാട് സമയമുണ്ട്. ഒരു പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമയത്ത് കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ നിരവധി പേരുകള്‍ ഉയര്‍ന്നു വരും. പല ഘടകങ്ങള്‍ പരിഗണിച്ചാണ് തീരുമാനം വരിക. ചിലപ്പോള്‍ തന്റെ ആഗ്രഹവും ഇംഗിതവും സഫലീകരിച്ചില്ല എന്നു വരും. അത് കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അസ്വാഭാവികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു അദ്ദേഹം.
ഇപ്പോള്‍ തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. രാഷ്ടീയ ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തമായിട്ടാണ് ഇതിനെ കാണുന്നത്. ഇതു വരെ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുതിയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രചോദനമാണ് ഈ പദവി. തന്നെ പരിഗണിച്ച എ.ഐ.സി.സി നേതൃത്തോടുള്ള നന്ദി അറിയിക്കുന്നു. പാര്‍ട്ടി തീരുമാനം ഏറ്റെടുത്ത് താന്‍ കളത്തിലേക്ക് ഇറങ്ങുകയാണ്. എ.ഐ.സി.സി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ട് പോകും. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് താന്‍ ആഹ്വാനം ചെയ്യുന്നതായും കെ. സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ സംബന്ധിച്ച് എ.ഐ.സി.സിയാണ് അതിന്റെ അവസാന വാക്ക്. താന്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവജനങ്ങള്‍ തന്റെ കൂടെ ഉണ്ടാവണം.
തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പുതിയ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കാന്‍ ഈ ടീമിനു കഴിയും. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നത് നാളുകളായി താന്‍ ആവശ്യപ്പെടുന്ന കാര്യമാണ്. സംഘടനാ ചിട്ടവട്ടമുള്ള ഒരു പാര്‍ട്ടി സംവിധാനത്തിലേക്ക് പോകണമെങ്കില്‍ നിലവിലുള്ള ഘടന മാറണം. സംഘടനാ തെരഞ്ഞെടുപ്പ് വഴി ജനങ്ങളുടെ പിന്തുണയോടെ ഒരു നേതൃത്വം വരണമെന്നും കെ. സുധാകരന്‍ പറഞ്ഞു.