X

കെ റെയില്‍: എന്തിനിത്ര താല്‍പര്യം- അബ്ദുള്ളക്കോയ കണ്ണങ്കടവ്

അബ്ദുള്ളക്കോയ കണ്ണങ്കടവ്

കെ റെയില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എന്താണ് ഇത്ര ധൃതി? നേരത്തേ കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും അനിവാര്യമായിരുന്ന എല്ലാ പുതിയ വികസന സംരഭങ്ങളെയും എതിര്‍ത്തു പോന്ന പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത് എന്ന കാര്യം സുവിദിതമാണല്ലോ. കമ്പ്യൂട്ടര്‍, എക്‌സ്പ്രസ് ഹൈവേ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. സി.പി.ഐ ആഭിമുഖ്യമുള്ള യുവ സാഹിതി, ഇടതു സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിശത്ത് തുടങ്ങിയ സംഘടനകള്‍ പോലും താരതമ്യേന ചെലവു കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാര്‍ പൊതുസമൂഹത്തോട് എന്തിനാണ് ഈ പിടിവാശി തുടരുന്നത്?. തങ്ങള്‍ ഇഛാശക്തിയോടെ നടപ്പാക്കിയെന്നു വീര വാദം മുഴക്കുന്ന ഗെയില്‍ പൈപ്പ് ലൈനിനു പോലും ഒരു വേള സി.പി.എം എതിരായിരുന്നു.

64, 941കോടിയെന്ന് കെ.റെയില്‍ അധികൃതരും 125,000 കോടിയെന്ന് നീതി ആയോഗും ഇതിനു രണ്ടിനുമിടയിലെന്ന് സിസ്ട്രയും പറയുന്ന പദ്ധതി കേരളത്തിന് അനുയോജ്യമല്ലന്ന് സിസ്ട്ര മുന്‍ തലവന്‍ അലോക് കുമാര്‍ വര്‍മയും പ്രസ്താവിക്കുകയുണ്ടായി. ഇപ്പോള്‍ തന്നെ രണ്ടുമാസം കൂടുമ്പോള്‍ 5700 കോടി രൂപയാണ് സര്‍ക്കാര്‍ പലിശ കൊടുത്തു കടമെടുക്കന്നത്. 350,000 കോടിയോളമാണ് ഇപ്പോഴത്തെ പൊതു കട ബാധ്യത. 96,000 രൂപയാണ് കേരളത്തിന്റെ ആളോഹരി കടം. സില്‍വര്‍ ലൈന്‍ കൂടിവന്നാല്‍ മൂന്നരക്കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ആളോഹരി കടം 150,000 ത്തിലേക്ക് കുതിക്കും. യാതൊരു സങ്കോചവുമില്ലാതെ വിദേശ വായ്പാ ബേങ്കുകള്‍ക്ക് സ്വന്തം ജനതയെ പണയപ്പെടുത്തുന്ന (അടിമകളാക്കുന്ന ) ഈ വികസന ഭീകരതയെ മാര്‍ക്‌സിസത്തിന്റെ ഏതു അളവുകോല്‍ വെച്ചാണ് ന്യായീകരിക്കാനാവുക?!

കേരളം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മ, അഴിമതി, പ്രളയം, കൃഷി നാശം, ഭരിക്കുന്നവരുടെ സ്വജനപക്ഷപാതം തുടങ്ങിയവയാണ്. ഇഛാശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ജനകീയ ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ്. കടം തരാന്‍ വിദേശ ബാങ്കുകളും ഏജന്‍സികളും ഉണ്ടെന്ന് കരുതി കേരളത്തിലെ ഓരോ പൗരനേയും അവന്റെ പഞ്ചേന്ദ്രിയങ്ങളും വരിഞ്ഞുകെട്ടി പലിശ ഏജന്‍സികള്‍ക്ക് പണയപ്പെടുത്തി കൊടുക്കുകയെന്നത് കമ്മ്യൂണിസവും, സോഷ്യലിസവും ലക്ഷ്യമെന്ന് പറഞ്ഞു പാര്‍ട്ടി വളര്‍ത്തുന്ന സി.പിഎമ്മിന് ഒരിക്കലും യോജിച്ചതല്ല.

കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം 9,000 കോടി രൂപ കടമെടുത്തിട്ടാണ് ഈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും ശമ്പളം കൊടുത്തത്. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, യുപി പോലുള്ള സംസ്ഥാനങ്ങള്‍ വ്യാവസായിക സംസ്ഥാനങ്ങളാണ്. കേരള മാവട്ടെ അവിടത്തെ വ്യാവസായികശാലകളിലെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന വാണിജ്യ സംസസ്ഥാനവും. അധികാര രാഷ്ട്രീയത്തിന്റെ ഹുങ്ക് കൊണ്ട് എന്തും ചെയ്തു കളയാമെന്ന ധാര്‍ഷ്ട്യം ഒരു ജനാധിപത്യ സംവിധാനത്തില്‍ അഭിലഷണീയമല്ല. കേരളം ഇപ്പോള്‍ തന്നെ രണ്ട് മഹാപ്രളയങ്ങളെയാണ് അതിജീവിച്ചത്. ഉളുപ്പില്ലാത്ത ഉപഭോഗ സംസ്‌കാരത്തിന്റെ കെടുതികള്‍ കുന്നും മലയുമിടിച്ചുള്ള ചൂഷണാസക്തി, വയലും തോടും മണ്ണിട്ടു നികത്തിയുള്ള പാരിസ്ഥിതിക പ്രഹരം, സ്വാഭാവിക നീരൊഴുക്കിന് തടസം സൃഷ്ടിക്കുമ്പോഴുണ്ടാവുന്ന പ്രളയക്കെടുതികള്‍ ! പ്രളയം കൊണ്ട് കേരളം പ്രഹരമേറ്റു വീണത് മറക്കാന്‍ സമയമായിട്ടില്ല.

ഇവിടെ സര്‍ക്കാര്‍ പോലും പരാജയപ്പെട്ട നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ജാതിമത ഭേതമന്യെ ജീവകാരുണ്യ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും പൗരസമൂഹവുമാണ് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് അതിസാഹസികമായി കേരളത്തെ കരകയറ്റിയത്. അവരില്‍ പലരെയും സര്‍ക്കാറും സര്‍ക്കാര്‍ സംവിധാനങ്ങളും ചടങ്ങുകള്‍ സംഘടിപ്പിച്ചഭിനന്ദിച്ചു. മുക്തകണ്ഠം പ്രശംസിച്ചു. ഇതൊക്കെയായിട്ടും കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്തവര്‍ ഇപ്പോള്‍ പറയുന്നു തീവ്രവാദികളാണ് കെ റെയിലിനു തടസം നില്‍ക്കുന്നതെന്ന്. ഭീമമായ കമ്മീഷന്‍ പറ്റാനുള്ള ശ്രമം നടക്കില്ലന്നു കാണുമ്പോള്‍ വിഷയത്തെ വഴിതിരിച്ചു വിട്ട് ആരുടെയൊകെയാ സഹതാപം പിടിച്ചുപറ്റാനുള്ള കുല്‍സിതമായ ഒരു വൃഥാ ശ്രമം! കര്‍ഷകസമരത്തെ നേരിടാന്‍ കെല്‍പില്ലാതെ പ്രതിസന്ധിയിലായപ്പോള്‍ സംഘ്പരിവാര്‍ സര്‍ക്കാറും ആരോപിച്ചിരുന്നത് ഇതു തന്നെ ആയിരുന്നു. സിഖ് തീവ്രവാദികളാണ് കര്‍ഷക സമരത്തിനു പിന്നിലെന്ന് !

ബദല്‍ മാര്‍ഗങ്ങള്‍
അപകടകരമായ കെ.റെയിലിന്നു പകരം ഒരു പാട് ബദല്‍ മാര്‍ഗങ്ങള്‍ ഇവിടെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
1. റെയില്‍വേ സിഗ്‌നല്‍ ഓട്ടോമാറ്റിക്ക് ആയി നവീകരിക്കുക. 2. പാത ഇരട്ടിപ്പിക്കുക. 3. മറ്റൊരു സൂപ്പര്‍ ട്രാക്ക് കൊണ്ട് വരിക, (ബ്രോഡ്‌ഗേജില്‍ തന്നെ). 4.അതുമല്ലങ്കില്‍ വളരെ ചെലവു കുറഞ്ഞ തീരെ , സാമൂഹികപാരിസ്ഥിക ആഘാതമില്ലാത്തവ കൊണ്ടുവരിക. 5. സബര്‍ബന്‍ റെയില്‍. 6.കാസര്‍കോടിനും കാഞ്ഞങ്ങാട്ടിനുമിടക്ക് കണ്ണൂരിലെ പോലെ മറ്റൊരു എയര്‍പ്പോര്‍ട്ട്. (ഇതിനൊന്നും ഇപ്പോള്‍ കണക്കാക്കിയ കെ റെയിലിന്നു വരുന്ന ചെലവിന്റെ അഞ്ചിലൊന്നു പോലും വരില്ലന്നാണ് വിദഗ്ദമതം). 7. കേരളത്തിന്റെ തലസ്ഥാനം തെക്കേ അറ്റത്ത് കന്യാകുമാറിക്കടുത്താണ്. തലസ്ഥാനം സാംസ്‌കാരികാസ്ഥാനമായ തൃശൂരിലേക്ക് മാറ്റാം. (ഏതാണ്ട് മദ്ധ്യത്തില്‍) ആന്ധ്ര വിഭജിച്ച് തെലങ്കാനയും സീമാന്ധ്രയുമായപ്പോള്‍ ഇരു സംസ്ഥാനങ്ങളുടെയും ആസ്ഥാനം ഹൈദരാബാദിലായിരുന്നു. ആന്ധ്രയുടെ തലസ്ഥാനം അഞ്ചുവര്‍ഷം കൊണ്ട് ഇപ്പോള്‍ അമരാവതിയില്‍ പണി പൂര്‍ത്തിയായി വരികയാണ്. ചെലവ് മൊത്തം 27,000 കോടി. വാശിയും ധാര്‍ഷ്ട്യവും ഒഴിവാക്കിയാല്‍ സുഗമവും ലാഭകരവും ആഘാത രഹിതവുമായ ഒരു പാട് ബദല്‍ സംവിധാനങ്ങള്‍ നടപ്പക്കാവുന്നതേയുള്ളൂ എന്നത് വളരെ സുലളിതം.
കെ. റെയില്‍ പാത 88 കി.മീറ്റര്‍ വയലുകളിലൂടെയാണ് പോകുന്നത്. കെ.റെയില്‍ എം.ഡി ഇതു 28 കിലോമീറ്റര്‍ ആണന്ന് പറയുന്നു. ഡി.പി ആര്‍ പുറത്തുവിടാത്തതിനാല്‍ ഇവിടെയും അവ്യക്തതകള്‍ നിലനില്‍ക്കുന്നു. മാത്രമല്ല ഭൂവിതാനത്തില്‍ നിന്നും 8 മീറ്റര്‍ ഉയരത്തിലാണ് എം ബാങ്ക്‌മെന്റ് (മണ്‍ മതില്‍ ) നിര്‍മിക്കുക. ഓരോ അര കിലോ മീറ്റര്‍ അകലെയാണ് അടിപ്പാതകള്‍. മണ്‍തിട്ടകള്‍ മൂന്നുമീറ്റര്‍ പോലും ഉയരുന്നത് പ്രളയ ഭീഷണി നിലനില്‍കുന്ന ചതുപ്പുനിലങ്ങളുള്ള കേരളത്തില്‍ പ്രായോഗികമല്ല എന്ന് ഈ രംഗത്ത് ഏറ്റവും പരിണിതപ്രജ്ഞനായ മെട്രൊ മാന്‍ ഇ. ശ്രീധരന്‍ പറയുന്നു. സമയം ഇനിയും അവസാനിച്ചിട്ടില്ല. ജനങ്ങളുടെ നികുതിപ്പണമെടുത്തും മൂന്നരക്കോടി ജനങ്ങളെ പണയം വെച്ച് പലിശക്ക് കടമെടുത്തും കേരളത്തിന്റെ സമ്പദ്ഘടനക്കും, പരിസ്ഥിതിക്കും, കൃഷിക്കും മറ്റു സാമൂഹിക ദുരന്തങ്ങള്‍ക്കും വഴി വെക്കുന്ന ഈ ജനദ്രോഹനടപടികളില്‍ല്‍ നിന്നും കേരള സര്‍ക്കാര്‍ എത്രയും വേഗം പിന്‍വാങ്ങേണ്ടിയിരിക്കുന്നു. കേന്ദ്രഗസര്‍ക്കാറിനെ മുട്ട് കുത്തിച്ച കര്‍ഷകസമരം ഈയവസരത്തില്‍ പിണറായിയുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. ത്രിപുരയും പശ്ചിമ ബംഗാളും ഇന്ത്യയിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഒരു നഷ്ട സമൃതിയോടെയെങ്കിലും മുഖ്യമന്ത്രി ഓര്‍ക്കുന്നത് സര്‍ക്കാറിനും പാര്‍ട്ടിക്കും നല്ലത്.

 

Test User: