X

കെ.റെയില്‍; ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയതെന്ന് വിഡി സതീശന്‍

ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈനിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പൊലീസ് അതിക്രമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വനിതാ പൊലീസുകാരില്ലാതെ നിലത്തുകൂടി വലിച്ചിഴച്ചും സമര സമിതി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും അറസ്റ്റു ചെയ്തിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്യണമെന്ന വാശിയിലാണ് പൊലീസ്. കെ റെയിലിന് എതിരായി സംസ്ഥാനത്ത് വ്യാപകമായി വന്‍ പ്രതിഷേധം നടക്കുകയാണെന്നും അത് ജനങ്ങളുടെ പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പരിസ്ഥിതി സാമൂഹിക ആഘാതം ഉണ്ടാകുമെന്ന് കരുതിയുള്ള പ്രതിഷേധമാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ്. പാരിസ്ഥിതികമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ ജീവനും സ്വത്തും സംരക്ഷിക്കാനാകില്ലെന്ന ഉത്കണ്ഠയില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. രണ്ടര ലക്ഷം കോടിയോളം ചെലവുള്ള സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന് അറിയാവുന്നവരുടെ പ്രതിഷേധമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടവരും രാഷ്ട്രീയമില്ലാത്തവരും പദ്ധതിക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താം എന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിപ്പോയെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

ഒരോ അടിച്ചമര്‍ത്തലിലും ഈ സമരം കേരളം ഒന്നാകെ ഏറ്റെടുത്ത് ശക്തിപ്പെടുത്തും. ശനിയാഴ്ച നടക്കുന്ന ജനകീയ സദസോടു കൂടി യു.ഡി.എഫും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ ശക്തമായി രംഗത്തിറങ്ങും. സമരം ചെയ്യുന്നവരോടൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്നും അറിയിച്ചു. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. ഈ സമരത്തിന് ഒരു രാഷ്ട്രീയമുണ്ട്. മുഖ്യമന്ത്രി തെറ്റിദ്ധരിക്കുന്നത് കക്ഷി രാഷ്ട്രീയം മാത്രമാണ് രാഷ്ട്രീയമെന്നാണ്. ഇതില്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയമുണ്ട്. ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ദുരിതത്തിന്റെ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലും യു.ഡി.എഫ് ഈ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയാണ്. ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അതില്‍ രാഷ്ട്രീയമാണെന്നാണ് ആക്ഷേപമെങ്കില്‍ അത് സമ്മതിക്കുന്നു. അതില്‍ രാഷ്ട്രീയമുണ്ട്. ഇത് കേരളം മുഴുവന്‍ ഇരകളാകാന്‍ പോകുന്ന ഒരു പദ്ധതിയില്‍ നിന്നും രക്ഷിക്കാനുള്ള ജനകീയ സമരമാണ്. അതിനൊപ്പമാണ് യു.ഡി.എഫെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷം എവിടെയാണ് അക്രമം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. ജനാധിപത്യപരമായ രീതിയില്‍ തടയുകയല്ലാതെ പൊലീസിനെ കല്ലെറിഞ്ഞോ? ആക്രമിച്ചോ? യു.ഡി.എഫ് നേതാവായ ജോസഫ് എം. പുതുശേരി ഉള്‍പ്പെടെയുള്ളവരുടെ ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ചു. ചങ്ങനാശേരിയില യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ജെ ലാലി പരുക്കേറ്റ് തളര്‍ന്ന് വീണു. നിരവധി സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുകയാണ്. കുഞ്ഞുങ്ങള്‍ നോക്കി നില്‍ക്കേ അമ്മമാരെ നിലത്തിട്ട് വലിച്ചിഴച്ച് പുരുഷ പൊലീസുകാര്‍ വാഹനങ്ങളിലേക്ക് വലിച്ചെറിയുകയാണ്. നരനായാട്ടാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി. സമരത്തോടൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നും ഭരണാധികാരികള്‍ക്ക് അധികാരത്തിന്റെ അന്ധത ബാധിക്കുമ്പോള്‍ ഒന്നും കാണാതെ പോകുമെന്നും പറഞ്ഞു. അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധതയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് ഓരോ ഗ്രമങ്ങളിലും നടക്കുന്ന സമരം മുഖ്യമന്ത്രി കാണാതെ പോകുന്നത്. കല്ലിടാന്‍ പോയ എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ ചെറുത്ത് നിന്നു. കാസര്‍കോട് മുതല്‍ സില്‍വര്‍ ലൈന്‍ തുടങ്ങുമെന്ന് പറയുന്ന എല്ലാ സ്ഥലങ്ങളിലും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ അന്ധതകൊണ്ടും അധികാരത്തിന്റെ ധാര്‍ഷ്ട്യം കൊണ്ടും ഈ സമരത്തെ കാണാതെ പോകുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: