X

കെ റെയില്‍ യു.ഡി.എഫ് ജനസദസ്സ് 19ന്

തിരുവനന്തപുരം: കെ റെയിലിനെതിരെ യു.ഡി.എഫ് നടത്തുന്ന ജനസദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19ന് ചെങ്ങന്നൂര്‍ പിറളശ്ശേരിയില്‍ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വൈകുന്നേരം 4ന് ജനസദസ്സ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, പി.ജെ ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

കെ. റെയിലിനെതിരെ നൂറ് ജനസദസ്സുകള്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിരുന്നു. അതിന്റെ തുടക്കമാണ് ചെങ്ങന്നൂരിലേത്. ഏപ്രില്‍ ആദ്യവാരത്തിന് മുമ്പായി കെ.റെയില്‍ കടന്ന് പോകുന്ന വിവിധയിടങ്ങളിലായി 100 ജനസദസ്സുകള്‍ സംഘടിപ്പിക്കും. കെ റെയിലിന്റെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിട്ടും ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. കെ.റെയിലിനെതിരായ ജനകീയ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. ഏകപക്ഷീയ നിലപാടാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. കടക്കെണിയില്‍ ആണ്ട് കിടക്കുന്ന സര്‍ക്കാര്‍ വന്‍ തുക കടമെടുത്ത് നടത്തുന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ജനങ്ങളല്ലെന്നും കമ്മീഷനിലൂടെ കോടികള്‍ അടിച്ചുമാറ്റാനുള്ള ആവേശമാണ് ഇതിന് പിന്നിലെന്നും ഹസ്സന്‍ ആരോപിച്ചു.

Test User: