കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു.കെ റെയില്‍ വിശദീകരണ യോഗത്തിന് എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധക്കാരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് നീക്കി.
ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം മുന്‍നിര്‍ത്തിയായിയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണ പരിപാടി. നേരത്തെ തിരുവനന്തപുരത്തും സമാധാനയോഗം സംഘടിപ്പിച്ചിരുന്നു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തും. മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സമരം ചെയ്ത അതേ സി.പി.എം കേരളത്തില്‍ നില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണ്. ഏതു വിധേനയും പദ്ധതി നടപ്പാക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രിയെങ്കില്‍ നടപ്പാക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ മറുപടി.