X
    Categories: columns

കെ. റെയില്‍: ന്യായീകരിക്കാന്‍ കൈപ്പുസ്തകം

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

സംസ്ഥാനമൊട്ടാകെ ശക്തമായ എതിര്‍പ്പ് നേരിടുന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ന്യായീകരണത്തിന് സര്‍ക്കാരിന്റെ ഖജനാവ് ധൂര്‍ത്ത് തുടരുന്നു. സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം എന്ന പേരിലുള്ള പദ്ധതി ന്യായീകരണ കൈപ്പുസ്തകത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുക 4 കോടി 51 ലക്ഷം രൂപ. 50 ലക്ഷം കൈപ്പുസ്തകം അച്ചടിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. കഴിഞ്ഞ ദിവസമാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായത്. കോട്ടയം ആസ്ഥാനമായ പ്രമുഖ മലയാള പത്രത്തിന്റെ അച്ചടി വിഭാഗമായ എം.എം പബ്ലിക്കേഷനിനാണ് പുസ്തകം അച്ചടിക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

9 കമ്പനികളാണ് ഇ-ടെണ്ടറില്‍ പങ്കെടുത്തത്. ജിഎസ്ടി ഉള്‍പ്പെടെ 4,51,35,000 രൂപയാണ് എം.എം പബ്ലിക്കേഷന്‍ ടെണ്ടര്‍ ചെയ്തത്. അതായത് ഒരു പുസ്തകത്തിന് ചെലവ് 9 രൂപയോളം. ജിഎസ്ടി ഒഴിച്ച് ക്വാട്ട് ചെയ്ത തുകയാണ് ടെണ്ടറില്‍ പരിഗണിച്ചത്. ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികളെല്ലാം പത്ത് രൂപക്ക് മുകളിലാണ് ഒരു കോപ്പിക്ക് നിരക്ക് നിശ്ചയിച്ചത്. കമ്പനികളും ആകെ ക്വാട്ട് ചെയ്ത തുകയും ഇങ്ങനെ: അനശ്വര ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ്-7.31 കോടി, പ്രിന്റ് എക്‌സ്പ്രസ്-6.59 കോടി, ഒരുമ പ്രിന്റേഴ്‌സ്-6.32 കോടി, നോര്‍ത്ത് മലബാര്‍ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് കണ്‍സോര്‍ഷ്യം-6.27 കോടി, അക്ഷര ഓഫ്‌സെറ്റ്-6.18 കോടി, സെന്റ് ജോസഫ് പ്രസ്-6.17 കോടി, ഓറഞ്ച് പ്രിന്റേഴ്‌സ്-6.14 കോടി, സ്‌റ്റെര്‍ലിന്‍ പ്രിന്റ് ഹൗസ്-6.24 കോടി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രചരണ സാമഗ്രികള്‍ എന്ന വിഭാഗത്തിലാണ് കൈപ്പുസ്തകത്തിന് കോടികള്‍ ചെലവഴിക്കാനുള്ള അനുമതി. കൈപ്പുസ്തകം സി.പി.എം പ്രവര്‍ത്തകരിലൂടെ പരമാവധി വീടുകളില്‍ നേരിട്ടെത്തിച്ച് പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൈപ്പുസ്തകത്തിന് പുറമെ ബോധവത്ക്കരണത്തിനെന്ന പേരില്‍ ലഘുലേഖകളും തയാറാക്കുന്നുണ്ട്.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴിയും പദ്ധതി വെളുപ്പിക്കാന്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ചെലഴിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം എറണാകുളം ജില്ലാ ഇഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചിരുന്നു. പദ്ധതിയുടെ എല്ലാവശങ്ങളും പ്രതിപാദിക്കുന്ന വിഷയത്തിന് പകരം പദ്ധതിക്ക് അനുകൂലമായി സംസാരിക്കാന്‍ മാത്രം സാധ്യമാവുന്ന വിഷയമായിരുന്നു മത്സരത്തിന് നല്‍കിയിരുന്നത്.

Test User: